
വാഷിംഗ്ടൺ: ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ട്രംപ് – പുടിൻ കൂടിക്കാഴ്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ്. വ്ലാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ച മോശമാണെങ്കിൽ വളരെ വേഗം അവസാനിപ്പിക്കുമെന്നാണ് ഡോണൾഡ് ട്രംപ് പറയുന്നത്. എന്നാൽ കൂടിക്കാഴ്ച നന്നായി മുന്നോട്ടുപോയാൽ സമീപഭാവിയിൽ തന്നെ സമാധാനമുണ്ടാകുമെന്നും അലാസ്കയിൽ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറപ്പെടുന്നതിനു മുൻപ് ട്രംപ് പറഞ്ഞു. പുട്ടിനുമായുള്ള ചർച്ച ‘വളരെ നിർണായകം’ എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുമുണ്ട്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും പുട്ടിനുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വന്തം കാര്യത്തിനു വേണ്ടിയല്ലെന്നും ട്രംപ് പറഞ്ഞു. ‘എനിക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്. എനിക്കതിന്റെ ആവശ്യവുമില്ല. എന്റെ രാജ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാനാണ് എനിക്ക് താൽപര്യം. പക്ഷേ ഞാനിത് ചെയ്യുന്നത് ഒട്ടേറെ ജീവനുകൾ രക്ഷിക്കാനാണ്. ധാരണയിലെത്തിയില്ലെങ്കിൽ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’–ട്രംപ് പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്, സിഐഎ ഡയറക്ടർ ജോൺ റാട്ക്ലിഫ് എന്നിവരടങ്ങുന്ന സംഘമാണ് ചർച്ചകൾക്കായി പുറപ്പെട്ടിട്ടുള്ളത്. അലാസ്കയിലെ ആങ്കറേജ് പട്ടണത്തിലുള്ള യുഎസിന്റെ ജോയിന്റ് എൽമെൻഡോർഫ് റിച്ചാർഡ്സൺ ബേസിലാണ് ട്രംപും വ്ലാഡിമിർ പുട്ടിനും കൂടിക്കാഴ്ച നടത്തുക.














