
വാഷിംങ്ടൺ: രാജ്യത്തിന്റെ വിദേശ ചിപ്പ് ആശ്രിതത്വം കുറയ്ക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് പുതിയ പദ്ധതികൾ നടപ്പാക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ കംപ്യൂട്ടർ ചിപ്പുകളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന ചിപ്പുകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായി ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ഈ താരിഫ് അമേരിക്കയിൽ നിർമാണ പ്ലാൻ്റുകൾ സ്ഥാപിക്കാൻ തയാറുള്ള കമ്പനികൾക്ക് ബാധകമായിരിക്കില്ലെന്നും ട്രംപ് അറിയിച്ചു.
ആഗോള സാങ്കേതിക മേഖലയിലും ഓഹരി വിപണിയിലും ഈ പ്രഖ്യാപനം വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുകയാണ്. ആപ്പിൾ സിഇഒ ടിം കുക്കുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് ട്രംപിൻ്റെ ഈ നിർണ്ണായക പ്രഖ്യാപനം. അമേരിക്കയിൽ വൻതോതിലുള്ള നിക്ഷേപം നടത്താൻ ആപ്പിൾ പ്രതിജ്ഞാബദ്ധമായിട്ടുണ്ടെന്നും, അത്തരം കമ്പനികളെ താരിഫിൽ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ട്രംപിൻ്റെ ഈ പ്രഖ്യാപനത്തോടെ കംപ്യൂട്ടർ ചിപ്പ് നിർമാണ രംഗത്തെ ഭീമന്മാരായ സാംസങ്, ടിഎസ്എംസി, എൻവിഡിയ തുടങ്ങിയ കമ്പനികൾ യുഎസിൽ നിർമാണ പ്ലാന്റുകൾ സ്ഥാപിക്കാൻ നിർബന്ധിതരാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ, ലോകത്തെ 70 ശതമാനത്തിലധികം കംപ്യൂട്ടർ ചിപ്പുകളും തായ്വാൻ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ഉൽപാദിപ്പിക്കുന്നത്. ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക ഭാവിക്കും ഭീഷണിയാണെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്.