
ഗ്യോങ്ജു, ദക്ഷിണ കൊറിയ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ദക്ഷിണ കൊറിയയിലും പ്രതിഷേധം. യുഎസ് പ്രസിഡന്‍റ് ദക്ഷിണ കൊറിയയിലെ ഗ്യോങ്ജുവിൽ എത്തിയപ്പോൾ, അദ്ദേഹത്തെ എതിരേറ്റത് ചെറിയതെങ്കിലും ശക്തമായ പ്രതിഷേധങ്ങളായിരുന്നു. ട്രംപിന്‍റെ ഏകാധിപത്യ നിലപാടുകൾക്കെതിരെ യുഎസിൽ നടന്ന നോ കിംഗ്സ് റാലികളെ സൂചിപ്പിക്കുന്ന ബാനറുകളും പ്ലക്കാർഡുകളുമാണ് ട്രംപ് വിരുദ്ധ പ്രവർത്തകർ ഉയർത്തിയത്.
ഈ മേഖലയിലെ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് നയങ്ങൾക്കെതിരെ റാലിയിൽ പല പ്രതിഷേധക്കാരും ശബ്‍ദമുയർത്തി. ഒരു വനിതാ പ്രതിഷേധക്കാരി ഈ നയങ്ങളെ അടിച്ചമർത്തുന്നതും ക്രൂരവുമാണെന്ന് വിശേഷിപ്പിച്ചു. “ഇത് ഈ മേഖലയിലെ ജനങ്ങളുടെ ജീവിതത്തിൽ വിനാശകരമായ സ്വാധീനം ചെലുത്തും,” എന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് അവർ പറഞ്ഞു. ട്രംപിന് ജപ്പാനിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നേർ വിപരീതമായിരുന്നു ദക്ഷിണ കൊറിയയിലെ ഈ പ്രതിഷേധം.
സന്ദർശനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ജപ്പാൻ നേതാവ് ട്രംപിനെ സ്വീകരിക്കുകയും, യു.എസ്-ജാപ്പാൻ ബന്ധങ്ങളുടെ പുതിയ സുവർണ്ണ കാലഘട്ടത്തെ സ്വാഗതം ചെയ്യുകയും ദീർഘകാല സൗഹൃദത്തെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ ട്രംപിന്‍റെ മുഖത്തിന്‍റെ കാർഡ്ബോർഡ് കട്ടൗട്ട് സ്ഥാപിക്കുകയും ചുവപ്പ് കാർഡുകൾ വീശുകയും ചെയ്തു. ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് ട്രംപ് ഒഴിഞ്ഞുനിൽക്കാനുള്ള ഒരു മുന്നറിയിപ്പും അന്തിമ അറിയിപ്പും ആണ് ഈ ചുവപ്പ് കാർഡുകളെന്ന് അവർ പറഞ്ഞു.
















