വാഷിങ്ടൺ: അപ്പീൽ കോടതിയുടെ വിദേശരാജ്യങ്ങൾക്കുമേൽ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന വിധിക്കെതിരേ ട്രംപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചു. വിവിധരാജ്യങ്ങൾക്കുമേൽ ചുമത്തിയ തീരുവകളെ ന്യായീകരിച്ചും ഇന്ത്യക്കെതിരേ ചുമത്തിയ അധികതീരുവയെക്കുറിച്ചും പരാമർശിച്ചുമാണ് ട്രംപ് ഭരണകൂടം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്തിയത് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായകശ്രമങ്ങളുടെ ഭാഗമായാണെന്നാണ് അപ്പീലിൽ പറയുന്നത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരേ അടുത്തിടെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് തീരുവ ചുമത്തിയത്. ഇത് യുദ്ധത്താൽ തകർന്ന യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അപ്പീലിൽ പറയുന്നു.
തീരുവകളുള്ളതിനാൽ അമേരിക്ക ഒരു സമ്പന്നരാഷ്ട്രമാണ്. അല്ലെങ്കിൽ ഇത് ഒരു ദരിദ്രരാഷ്ട്രമാകുമെന്നും അപ്പീലിലുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമാണെന്ന് വാഷിങ്ടണിലെ ഫെഡറൽ സർക്കീറ്റ് അപ്പീൽ കോടതി കണ്ടെത്തിയത്. അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നായിരുന്നു കോടതിവിധി. അതേസമയം, റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ ട്രംപ് 25 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കി ഉയർത്തിയിരുന്നു.













