
കാലിഫോർണിയ: ഫെഡറൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് സ്റ്റേ ചെയ്ത് യുഎസ് ഡിസ്‌ട്രിക്‌ട് കോർട്ട് ഫോർ ദി നോർത്തേൺ ഡിസ്‌ട്രിക്‌ട് ഓഫ് കലിഫോർണിയ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫെബ്രുവരിയിൽ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം ഫെഡറൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ഫെഡറൽ ജീവനക്കാരുടെ പൂർണമായ പുനഃസംഘടനയോ പിരിച്ചുവിടലോ അമേരിക്കൻ ഭരണഘടനയ്ക്ക് വിരുദ്ധമായ നടപടിയായി കണക്കാക്കാമെന്ന് ജഡ്‌ജി സൂസൻ ഇൽസ്‌റ്റോൺ വിധിയിൽ വ്യക്തമാക്കി.
തൊഴിലാളി സംഘടനകളുടെയും നോൺ പ്രോഫിറ്റ് സംഘടനകളുടെയും മുനിസിപ്പൽ ഗവൺമെന്‍റുകളുടെയും ചെലവ് ചുരുക്കൽ നടപടികൾക്കുള്ള ടെംപോററി റിസ്‌ട്രെയ്‌നിങ് ഓർഡറിനുള്ള അഭ്യർഥന കോടതി സ്വീകരിച്ചു. ചെലവുകൾ കുറയ്ക്കാൻ തുടർച്ചയായി എക്സിക്യൂട്ടീവ് ഓർഡറുകൾ പുറപ്പെടുവിച്ച് അധികമായ ജീവനക്കാരെ പറഞ്ഞുവിടുന്ന ട്രംപിന്റെ നയത്തിന് വലിയ തിരിച്ചടിയാണ് കിട്ടിയിട്ടുള്ളത്. ഈ നയം ട്രംപ് മാറ്റുമോ എന്നതാണ് ആകാംക്ഷ. വിധി വന്നതിന് പിന്നാലെ ട്രംപ് ഭരണകൂടം ഉടൻതന്നെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി നയൻത് സർക്യൂട്ടിൽ അപ്പീൽ ഫയൽ ചെയ്തു.