സ്വയം നാടുകടത്തലിന് തയ്യാറായാല്‍ സൗജന്യ വിമാന ടിക്കറ്റും, 1,000 ഡോളറും തരാം – അനധികൃത കുടിയേറ്റക്കാര്‍ക്ക് ട്രംപിന്റെ ഓഫര്‍

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ സ്വയം നാടുകടത്തലിന് രജിസ്റ്റര്‍ ചെയ്ത് സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയാണെങ്കില്‍ സൗജന്യ വിമാന ടിക്കറ്റുകളും 1,000 ഡോളറും നല്‍കുമെന്ന് ട്രംപ് ഭരണകൂടം തിങ്കളാഴ്ച പ്രഖ്യാപിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയുന്ന തരത്തില്‍ ചില കുടിയേറ്റക്കാര്‍ക്ക് വിമാന ടിക്കറ്റുകള്‍ നേടാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പറഞ്ഞു. മാത്രമല്ല, ഷിക്കാഗോയില്‍ നിന്ന് വിമാനം ബുക്ക് ചെയ്ത് സ്വയം നാടുകടത്തല്‍ പരിപാടി ഉപയോഗിച്ച് ഒരു കുടിയേറ്റക്കാരന്‍ ഇതിനകം ഹോണ്ടുറാസിലേക്ക് മടങ്ങിയിട്ടുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് കൂട്ടിച്ചേര്‍ത്തു.

സ്വയം നാടുകടത്താന്‍ താത്പര്യമുള്ളവരോട് ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാന്‍ സിബിപി ഹോം എന്നറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍് ബൈഡന്‍ ഭരണകൂടം ചില കുടിയേറ്റക്കാരെ നിയമപരമായി യുഎസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാന്‍ ഈ ആപ്പ് ഉപയോഗിച്ചിരുന്നു. അപേക്ഷകരില്‍ നിന്നും യോഗ്യരായ കുടിയേറ്റക്കാര്‍ക്ക് യാത്രാ സഹായവും 1,000 ഡോളര്‍ സ്‌റ്റൈപ്പന്‍ഡും ലഭിക്കും. വ്യക്തി രാജ്യം വിട്ടതായി യുഎസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചതിനുശേഷം ഇത് നല്‍കുമെന്നാണ് ഡിഎച്ച്എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുകടത്തലിനായി സൈന്‍ അപ്പ് ചെയ്യുന്നവരെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നതിനും തടങ്കലില്‍ വയ്ക്കാനും ശ്രമിക്കില്ലെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. അതോടൊപ്പം അനധികൃത കുടിയേറ്റക്കാര്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ പ്രോസിക്യൂഷന്‍, ജയില്‍ ശിക്ഷ, പിഴ എന്നിവയായിരിക്കും കാത്തിരിക്കുക എന്നും ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ട്രംപ് ഭരണകൂടം സ്വയം നാടുകടത്തലിനെ യു.എസ്. വിടാനുള്ള ഒരു ‘മാന്യമായ മാര്‍ഗമായി’ ചിത്രീകരിക്കുകയാണ്. ഇത് സര്‍ക്കാരിനെ വിഭവങ്ങളും പണവും ലാഭിക്കാന്‍ സഹായിക്കുന്നു. നിലവില്‍ അനധികൃതമായി യുഎസിലുടനീളം ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരുണ്ടെന്നാണ് വിവരം. ഇവരെയെല്ലാം കണ്ടെത്താനും അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വയ്ക്കാനും നാടുകടത്താനും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. അങ്ങനെ നോക്കുമ്പോള്‍ ആയിരം ഡോളറും വിമാന ടിക്കറ്റുകളും നല്‍കി ആളുകളെ സ്വയം നാടുകടത്താന്‍ പ്രോത്സാഹിപ്പിക്കുന്നതു തന്നെയാണ് ലാഭമെന്നും ട്രംപ് കണക്കുകൂട്ടുന്നു. ഒരു കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വയ്ക്കാനും നാടുകടത്താനുമായി ശരാശരി 17,121 ഡോളറാണ് യുഎസ് ചിലവാക്കേണ്ടി വരികയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

More Stories from this section

family-dental
witywide