
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാനഡയെ വീണ്ടും യുഎസിന്റെ 51-ാമത്തെ സംസ്ഥാനം എന്ന് പരാമര്‍ശിച്ചു. ഇത്തവണ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് തന്റെ ഉള്ളിലെ മോഹം തമാശ രൂപേണ ട്രംപ് കാര്‍ണിക്കുമുമ്പില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഇതുകേട്ട കാര്‍ണി ചിരിക്കുകയാണ് ചെയ്തത്. ചൊവ്വാഴ്ച ഓവല്‍ ഓഫീസില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍, കാനഡയും അമേരിക്കയും ലയിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ട്രംപിന്റെ ‘തമാശ’ വിമര്‍ശകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ പരിഹരിക്കാന്‍ കഴിയുമെന്ന് ട്രംപ് പിന്നീട് കൂട്ടിച്ചേര്‍ത്തു. യുഎസ്-കാനഡ ബന്ധത്തിന്റെ ചില വശങ്ങളെക്കുറിച്ച് താനും കാര്‍ണിയും സംസാരിക്കുമെന്ന് ട്രംപ് ഇടയ്ക്ക് പറഞ്ഞു. കാനഡ അടുത്തിടെ പലസ്തീനിനുള്ള സംസ്ഥാന പദവി അംഗീകരിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ സൂചിപ്പിച്ചായിരുന്നു ട്രംപിന്റെ പരാമര്‍ശം.
”ഞങ്ങള്‍ക്ക് ചില സ്വാഭാവിക സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ ഞങ്ങള്‍ അത് പരിഹരിക്കാന്‍ സാധ്യതയുണ്ട്. ഞങ്ങള്‍ക്ക് ശക്തമായ ഒരു ബന്ധമുണ്ടായിരുന്നു, കൂടാതെ വിവിധ രാജ്യങ്ങളെ നിങ്ങള്‍ ആതിഥേയത്വം വഹിച്ചത് നിങ്ങള്‍ ചെയ്ത മനോഹരമായ ഒരു ജോലിയായിരുന്നു, ഞാന്‍ അതിനെ വളരെയധികം അഭിനന്ദിക്കുന്നു. ഞങ്ങള്‍ വ്യാപാരത്തെക്കുറിച്ച് സംസാരിക്കാന്‍ പോകുന്നു. ഞങ്ങള്‍ വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോകുന്നു. ഞങ്ങള്‍ തീര്‍ച്ചയായും ഗാസയെക്കുറിച്ച് സംസാരിക്കും. ”ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിനെ പുകഴ്ത്തിയാണ് കാര്‍ണി സംസാരിച്ചത്. ട്രംപിന്റെ നടപടികളെ കനേഡിയന്‍ പ്രധാനമന്ത്രി പ്രശംസിക്കുകയും അദ്ദേഹത്തെ ‘പരിവര്‍ത്തനാത്മക പ്രസിഡന്റ്’ എന്ന് വിളിക്കുകയും ചെയ്തു. സമ്പദ്വ്യവസ്ഥയിലെ പരിവര്‍ത്തനം, ഇന്ത്യ, പാകിസ്ഥാന്‍, അസര്‍ബൈജാന്‍, അര്‍മേനിയ എന്നിവിടങ്ങളില്‍ സമാധാന ശ്രമം. എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാര്‍ണി ട്രംപിനെ പുകഴ്ത്തിയത്.