
ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റൈനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. യുവതികൾ പങ്കെടുത്ത ഒരു വിരുന്നിന് ട്രംപ് ആതിഥേയത്വം വഹിച്ചപ്പോൾ എപ്‌സ്റ്റൈൻ മാത്രമായിരുന്നു ഏക അതിഥിയായി ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. ട്രംപ് എപ്‌സ്റ്റൈന് ഒരു നഗ്നചിത്രം സഹിതം ജന്മദിന കുറിപ്പ് അയച്ചുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ന്യൂയോർക്ക് ടൈംസിന്‍റെ ഈ വെളിപ്പെടുത്തൽ.
“ട്രംപും എപ്‌സ്റ്റൈനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്‍റെ ഉള്ളറകൾ” എന്ന തലക്കെട്ടിൽ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങൾ വിശദീകരിക്കുന്നത്. എപ്‌സ്റ്റൈൻ ആദ്യമായി അറസ്റ്റിലാകുന്നതിന് മുമ്പ് ഏകദേശം 15 വർഷത്തോളം മാൻഹാട്ടനിലും ഫ്ലോറിഡയിലെ പാം ബീച്ചിലും ഇരുവരും അടുത്തിടപഴകിയിരുന്നു എന്നും ലേഖനം പറയുന്നു.
റിപ്പോർട്ട് അനുസരിച്ച്, 1993-ൽ മാർ-എ-ലാഗോയിൽ കലണ്ടർ ഗേൾ മത്സരത്തിൽ പങ്കെടുത്ത യുവതികൾക്കായി ട്രംപ് ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. യുകെ ആസ്ഥാനമായുള്ള ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തത് പ്രകാരം, എപ്‌സ്റ്റൈൻ മാത്രമായിരുന്നു ഈ വിരുന്നിലെ ഏക അതിഥി. ഫ്ലോറിഡയിലെ വ്യവസായിയായ ജോർജ്ജ് ഹൗറാനിയാണ് ഈ വിരുന്ന് സംഘടിപ്പിച്ചത്. അതിഥി പട്ടികയിൽ എപ്‌സ്റ്റൈൻ മാത്രമാണ് ഉണ്ടായിരുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തി ഹൗറാനിയെ ഉദ്ധരിച്ച് ലേഖനം പറയുന്നു.














