ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരം; യുഎസ് പതാകകൾ പകുതി താഴ്ത്താൻ ഉത്തരവിട്ട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരസൂചകമായി യുഎസ് പതാകകൾ പകുതി താഴ്ത്താൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിസ് മാർപാപ്പയുടെ ഓർമ്മയ്ക്കുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലും പൊതു, സൈനിക സ്വത്തുക്കളിലും നാവിക കപ്പലുകളിലും വിദേശ നയതന്ത്ര ദൗത്യങ്ങളിലും പതാക താഴ്ത്തി കെട്ടാനാണ് ട്രംപ് ഉത്തരവിട്ടത്. ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും നേരത്തെ അനുശോചിച്ചിരുന്നു. പോപ്പ് ഫ്രാൻസിസ് സമാധാനത്തോടെ വിശ്രമിക്കട്ടെ! ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന രണ്ട് വരി ട്രൂത്ത് സോഷ്യൽ പോസ്റ്റില്‍ കുറിക്കുകയായിരുന്നു ട്രംപ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ട്രംപും മാര്‍പ്പാപ്പയും പല തവണ ഏറ്റുമുട്ടിയിരുന്നു. ട്രംപ് വൈറ്റ് ഹൗസിൽ എത്തുന്നതിന് വർഷങ്ങൾക്ക് മുൻപ്, 2013ൽ മാര്‍പ്പാപ്പയെ പുകഴ്ത്തിയിരുന്നു. “പുതിയ പോപ്പ് വിനയമുള്ള ഒരു മനുഷ്യനാണ്, എന്നെപ്പോലെ തന്നെ, അതുകൊണ്ടായിരിക്കാം എനിക്കദ്ദേഹത്തെ ഇത്രയധികം ഇഷ്ടം!” ഫ്രാൻസിസ് പോപ്പായതിന് ഏതാനും മാസങ്ങൾക്ക് ശേഷം, ആ വർഷം ഡിസംബറിൽ ട്രംപ് ട്വീറ്റ് ചെയ്തു.എന്നാൽ പിന്നീട് കാര്യങ്ങൾ വഷളായി. 2016-ലെ തിരഞ്ഞെടുപ്പ് സമയത്ത്, യുഎസ്-കാനഡ അതിർത്തിയിൽ മതിൽ പണിയാനുള്ള ട്രംപിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ നിർദ്ദേശത്തെ ഫ്രാൻസിസ് ശക്തമായി വിമർശിച്ചു. “മതിലുകൾ പണിയുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും പാലങ്ങൾ പണിയുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, അവരെവിടെയാണെങ്കിലും, ക്രിസ്ത്യാനിയല്ല,” പോപ്പ് ഫ്രാൻസിസ് അക്കാലത്ത് പറഞ്ഞു.

More Stories from this section

family-dental
witywide