
വാഷിംഗ്ടൺ: കാഷ് ഫോർ ബാഡ്ജസ് സ്കീം എന്ന് പ്രോസിക്യൂട്ടർമാർ വിശേഷിപ്പിച്ച കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട വിർജീനിയയിലെ മുൻ ഷെരീഫിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാപ്പ് നൽകി. ഇതോടെ മെയ് 27ന് ആരംഭിക്കാനിരുന്ന 10 വർഷത്തെ തടവ് ശിക്ഷയിൽ നിന്ന് മുൻ ഷെരീഫിനെ ഒഴിവാക്കി. നോർത്തേൺ വിർജീനിയയിലെ ബിസിനസ് എക്സിക്യൂട്ടീവുകളെ ഓക്സിലറി ഡെപ്യൂട്ടിമാരായി നിയമിക്കുന്നതിന് പകരമായി കുറഞ്ഞത് 75,000 ഡോളര്‍ കൈക്കൂലി വാങ്ങിയ കേസിൽ കൽപെപ്പർ കൗണ്ടി മുൻ ഷെരീഫ് സ്കോട്ട് ജെൻകിൻസ് ഡിസംബറിലാണ് ശിക്ഷിക്കപ്പെട്ടത്.
ജെൻകിൻസിന് മാർച്ചിൽ ശിക്ഷ വിധിച്ചപ്പോൾ മുൻ ഷെരീഫ് ഒരു കാഷ് ഫോർ ബാഡ്ജസ് സ്കീമിൽ ഏർപ്പെട്ടു എന്ന് അന്നത്തെ യുഎസ് ആക്ടിംഗ് സക്കറി ലീ പറഞ്ഞു. ഏപ്രിലിൽ കോൺസ്റ്റിറ്റ്യൂഷണൽ ഷെരീഫ്സ് ആൻഡ് പീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഒരു വെബിനാറിൽ വെച്ച് ജെൻകിൻസ് ട്രംപിനോട് നേരിട്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. പ്രസിഡന്‍റിൽ താൻ പൂർണ്ണമായി വിശ്വസിക്കുന്നുവെന്നും ജെൻകിൻസ് പറഞ്ഞു.












