
വാഷിംഗ്ടണ്‍ : യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണ്‍ ഒരു പേരുമാറ്റത്തിനൊരുങ്ങുന്നതായി സൂചന. പെന്റഗണ്‍ എന്നത് ‘Department of War’ (യുദ്ധ വകുപ്പ്) എന്നാക്കി മാറ്റാനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതെന്നാണ് വിവരം. തിങ്കളാഴ്ച ട്രംപ് തന്റെ ഭരണകൂടം വരും ദിവസങ്ങളില്‍ പ്രതിരോധ വകുപ്പിന്റെ പേര് യുദ്ധ വകുപ്പ് എന്നാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നു. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
പെന്റഗണ്‍ എന്നറിയപ്പെട്ട കെട്ടിടത്തിന്റെ യഥാര്‍ത്ഥ പേര് ന്യൂ വാര്‍ ഡിപ്പാര്‍ട്ട്മെന്റ് ബില്‍ഡിംഗ് എന്നായിരുന്നു. നിര്‍മ്മാണ സമയത്ത് തൊഴിലാളികള്‍ ഇതിനെ അനൗദ്യോഗികമായി ‘പെന്റഗണല്‍ ബില്‍ഡിംഗ്’ എന്നും വിളിച്ചിരുന്നു, കൂടാതെ ഔദ്യോഗികമായി ഫെഡറല്‍ ഓഫീസ് ബില്‍ഡിംഗ് നമ്പര്‍ 1 എന്നും നാമകരണം ചെയ്യപ്പെട്ടു. 1942 ല്‍ പേര് ഔദ്യോഗികമായി പെന്റഗണ്‍ ബില്‍ഡിംഗ് എന്നും പിന്നീട് ഒരു വര്‍ഷത്തിനുശേഷം പെന്റഗണ്‍ എന്നും മാറ്റുകയായിരുന്നു. ഈ പേരുമാറ്റത്തെക്കുറിച്ച് ട്രപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ആവര്‍ത്തിച്ച് എതിര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പിന്നാലെയാണ് പഴയ പേരിലേക്കുള്ള തിരിച്ചുപോക്ക്.
‘ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തില്‍ നമ്മള്‍ വിജയിച്ചപ്പോള്‍, അതിനെ യുദ്ധ വകുപ്പ് എന്നാണ് വിളിച്ചിരുന്നത്. എനിക്ക്, അത് ശരിക്കും അങ്ങനെയാണ്,’ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങിനൊപ്പം ഒരു പത്രസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞു. ‘യുദ്ധ വകുപ്പ് ആയിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് അവിശ്വസനീയമായ വിജയ ചരിത്രം ഉണ്ടായിരുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്. പിന്നീട് ഞങ്ങള്‍ അത് പ്രതിരോധ വകുപ്പ് എന്ന് മാറ്റി.’- ട്രംപ് കൂട്ടിച്ചേര്‍ത്തു.
1789 മുതല്‍ 1947 വരെ യുദ്ധ വകുപ്പ് എന്നുതന്നെയായിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഭരണകൂടം ഈ വകുപ്പിനെ കരസേന, വ്യോമസേന എന്നിങ്ങനെ വിഭജിച്ച് അന്നത്തെ സ്വതന്ത്ര നാവികസേനയുമായി ചേര്‍ത്തു. പുതിയ കാബിനറ്റ് തല ഏജന്‍സിക്ക് പ്രതിരോധ വകുപ്പ് എന്ന് നാമകരണം ചെയ്യുകയുമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെ കാര്യമായ സ്വാതന്ത്ര്യം ഉണ്ടായിരുന്ന സൈന്യത്തിന്റെ പ്രത്യേക ശാഖകളില്‍, പ്രത്യേകിച്ച് നാവികസേനയില്‍, പെന്റഗണ്‍ മേധാവിക്ക് കൂടുതല്‍ കേന്ദ്രീകൃത അധികാരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ട്രൂമാന്‍ പേര് മാറ്റിയത്.
ജൂണില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ ഹെഗ്സെത്തിനെ തന്റെ ‘സെക്രട്ടറി ഓഫ് വാര്‍’ എന്ന് വിളിക്കുകയും കഴിഞ്ഞ ആഴ്ചകളില്‍ പേര് തിരികെ നല്‍കാനുള്ള സാധ്യതയെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തിരുന്നു. ”എനിക്ക് പ്രതിരോധം മാത്രമാകാന്‍ താല്‍പ്പര്യമില്ല, ഞങ്ങള്‍ക്കും ആക്രമണമാണ് വേണ്ടത്.”- ട്രംപ് തിങ്കളാഴ്ച ഓവല്‍ ഓഫീസില്‍ പറഞ്ഞു. അതേസമയം, പേരുമാറ്റത്തിന് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്.