
വാഷിംഗ്ടണ്‍: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്‍റെ പോപ് ആയുള്ള എഐ ചിത്രം പോസ്റ്റ് ചെയ്തു. ഇത് റോമൻ കത്തോലിക്കാ സമൂഹത്തിൽ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്.
‘പോപ്പ് ആകാൻ എനിക്ക് ഇഷ്ടമാണ്’ എന്ന് തമാശ പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ വെള്ള കാസ്രോക്കും പോപ്പിന്റെ ശിരോവസ്ത്രവും ധരിച്ച്, ചൂണ്ടുവിരൽ ഉയർത്തി നിൽക്കുന്ന ഡിജിറ്റലായി രൂപമാറ്റം വരുത്തിയ ട്രംപ് ചിത്രം പോസ്റ്റ് ചെയ്തു. ഇത് പിന്നീട് വൈറ്റ് ഹൗസ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.
കത്തോലിക്കൻ അല്ലാത്ത ട്രംപ് കഴിഞ്ഞ മാസം പോപ് ഫ്രാൻസിസിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. പോപ്പിന്‍റെ വിയോഗത്തിൽ ഔദ്യോഗിക ദുഃഖാചരണം ഇപ്പോഴും വത്തിക്കാൻ ആചരിക്കുന്നുണ്ട്. വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനങ്ങൾക്ക് കാരണമായിട്ടുണ്ട്.