
വാഷിംഗ്ടണ്‍: ഇറാനെക്കുറിച്ച് വ്യക്തമല്ലാത്ത ഒരു സന്ദേശം പോസ്റ്റ് ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടുകൾ തള്ളിയുള്ളതാണ് സന്ദേശം. ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾക്ക് ട്രംപ് സ്വകാര്യമായി അംഗീകാരം നൽകിയിരുന്നെന്നും എന്നാൽ ഇറാൻ തങ്ങളുടെ ആണവ പദ്ധതി ഉപേക്ഷിക്കുമെന്ന പ്രതീക്ഷയിൽ അന്തിമ അനുമതി വൈകിപ്പിച്ചുവെന്നും വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ട്രംപിന്‍റെ പ്രതികരണം.
തന്‍റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് ഇങ്ങനെ കുറിച്ചു: ‘ഇറാനെക്കുറിച്ച് എന്‍റെ ചിന്തകൾ എന്താണെന്ന് വാൾ സ്ട്രീറ്റ് ജേർണലിന് യാതൊരു ധാരണയുമില്ല!’ ആക്രമണത്തിന് അനുമതി നൽകുന്ന കാര്യത്തിൽ തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നാണ് ട്രംപ് ഇന്നലെ വരെ പറഞ്ഞത്. എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാം. എല്ലാവരും എന്നോട് അതിനെക്കുറിച്ച് ചോദിച്ചു, പക്ഷേ ഞാൻ ഒരു തീരുമാനമെടുത്തിട്ടില്ല എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ഇസ്രായേലുമായുള്ള സംഘർഷത്തിൽ ഇടപെടാൻ സാധ്യതയുള്ള ഏതൊരു മൂന്നാം കക്ഷിക്കും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്തരം നീക്കങ്ങൾക്ക് ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. ശത്രുവിനോടുള്ള ഏറ്റുമുട്ടൽ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ തുടരുമെന്ന് ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ നിലപാടറിയിച്ചു.
ഇസ്രായേലുമായുള്ള സംഘർഷം ഒരു ആഴ്ച പിന്നിടുമ്പോൾ, വിവിധ സാഹചര്യങ്ങൾക്കുള്ള പദ്ധതികൾ ഇറാനുണ്ടെന്നും കൗൺസിൽ അറിയിച്ചു. ഈ ആക്രമണത്തിൽ ഒരു മൂന്നാം കക്ഷി ഇടപെടുന്ന സാഹചര്യത്തിൽ, ഒരു പ്രത്യേക പദ്ധതി പ്രകാരം അവരെ ഉടനടി നേരിടുമെന്ന് അമേരിക്കയുടെയോ മറ്റ് രാജ്യങ്ങളുടെയോ പേരെടുത്ത് പറയാതെ കൗൺസിൽ വ്യക്തമാക്കി.









