പ്രസിഡന്‍റായ ശേഷമുള്ള ട്രംപിന്‍റെ ആദ്യ ടിക് ടോക്ക് വീഡിയോ; ‘ടിക് ടോക്കിനെ രക്ഷിച്ചത് ഞാനാണ്, അതുകൊണ്ട് നിങ്ങൾ കടപ്പെട്ടിരിക്കുന്നു’

വാഷിംഗ്ടൺ: പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡോണൾഡ് ട്രംപ് തന്‍റെ ആദ്യത്തെ ഔദ്യോഗിക ടിക് ടോക് വീഡിയോ തിങ്കളാഴ്ച പോസ്റ്റ് ചെയ്തു. റെസല്യൂട്ട് ഡെസ്കിന് പിന്നിൽ നിന്ന് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. “ടിക് ടോക്കിലെ യുവജനങ്ങളോട് ഒരു കാര്യം പറയാനുണ്ട്, ഞാനാണ് ടിക് ടോക്കിനെ രക്ഷിച്ചത്, അതുകൊണ്ട് നിങ്ങൾ എന്നോട് വലിയ കടപ്പെട്ടിരിക്കുന്നു. ഇപ്പോൾ നിങ്ങൾ എന്നെ ഓവൽ ഓഫീസിൽ കാണുന്നു. ഒരു ദിവസം നിങ്ങളിൽ ഒരാൾ ഈ ഡെസ്കിൽ ഇരിക്കുകയും മഹത്തായ കാര്യങ്ങൾ ചെയ്യുകയും ചെയ്യും,” ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച റെക്കോർഡ് ചെയ്ത ഈ ചെറിയ വീഡിയോയിൽ പറയുന്നു.

മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വൈറ്റ് ഹൗസ് അക്കൗണ്ടുകളിൽ നിന്ന് വ്യത്യസ്തമായ ഒരു ശൈലി ടിക് ടോക് വീഡിയോകളിൽ പ്രതീക്ഷിക്കാമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ കൃത്യമായ ലക്ഷ്യമുണ്ടാകും. അദ്ദേഹത്തിൻ്റെ അക്കൗണ്ടിൽ നിന്ന് നമ്മൾ ഉള്ളടക്കം കൊണ്ട് നിറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ആസ്തികൾ അമേരിക്കൻ നിക്ഷേപകരുടെ ഒരു കൺസോർഷ്യത്തിന് വിൽക്കുന്നതിനുള്ള കരാർ സെപ്റ്റംബറിൽ പ്രഖ്യാപിക്കുന്നതിന് മുൻപ് ഓഗസ്റ്റിലാണ് വൈറ്റ് ഹൗസ് ഔദ്യോഗിക ടിക് ടോക് അക്കൗണ്ട് ആരംഭിച്ചത്.

“കൂടുതൽ അമേരിക്കൻ പൗരന്മാരുമായി ബന്ധപ്പെടാനും ആശയവിനിമയം നടത്താനും കഴിയുന്ന ഒരു വേദിയായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. അതിനായി പ്രസിഡൻ്റിൻ്റെ വഴിയെ പിന്തുടർന്ന് തുടങ്ങുകയാണ്,” വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഫെഡറൽ ഉപകരണങ്ങളിൽ ടിക് ടോക് നിരോധിച്ചിരിക്കുന്നതിനാൽ, ഈ അക്കൗണ്ടിനായി സ്വകാര്യ ഉപകരണം ആണ് ഉപയോഗിക്കുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide