അന്ന് വിമര്‍ശിച്ച അതേ നാവുകൊണ്ട് പുകഴ്ത്തല്‍; സെലന്‍സ്‌കിയുടെ ജാക്കറ്റ് ആളുകളുടെ ശ്രദ്ധ നേടുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ വസ്ത്രധാരണത്തെ പുകഴ്ത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സെലെന്‍സ്‌കിയുടെ ‘സ്‌റ്റൈലിഷ് ജാക്കറ്റ് കൊള്ളാമെന്നും ആളുകള്‍ ശ്രദ്ധിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നുമായിരുന്നു ട്രംപിന്റെ കമന്റ്. വസ്ത്ര ധാരണത്തിന്റെ പേരില്‍ മുമ്പ് സെലന്‍സ്‌കിയെ കടന്നാക്രമിച്ച അതേ ട്രംപില്‍ നിന്നാണ് ഈ പുകഴ്ത്തല്‍ വന്നത്.

വെള്ളിയാഴ്ച വൈറ്റ് ഹൗസിലെത്തിയ സെലെന്‍സ്‌കി തന്റെ പതിവ് സൈനിക ഔപചാരിക വസ്ത്രങ്ങള്‍ക്കു പകരം കറുത്ത സ്യൂട്ടായിരുന്നു ധരിച്ചത്. കാബിനറ്റ് റൂമിലെ ഉച്ചഭക്ഷണത്തിനിടെയാണ് ട്രംപ് സെലെന്‍സ്‌കിയുടെ വസ്ത്രത്തെ പ്രശംസിച്ചത്. തമാശ രൂപത്തില്‍: ‘ഈ ജാക്കറ്റില്‍ അദ്ദേഹം മനോഹരമായി കാണപ്പെടുന്നുവെന്ന് ഞാന്‍ കരുതുന്നു, അതെ, മനോഹരം, ആളുകള്‍ ശ്രദ്ധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് നല്ലതാണ്, ഇത് യഥാര്‍ത്ഥത്തില്‍ വളരെ സ്‌റ്റൈലിഷ് ആണ്, എനിക്ക് ഇത് ഇഷ്ടമാണ്.’ -ട്രംപ് പറഞ്ഞു.

ട്രംപിനായി സെലെന്‍സ്‌കി തന്റെ ലുക്ക് മാറ്റുന്നത് ഇതാദ്യമല്ല. സെലെന്‍സ്‌കിയുടെ ഫെബ്രുവരിയിലെ വൈറ്റ് ഹൗസ് സന്ദര്‍ശന വേളയില്‍ സൈനിക മാതൃകയിലുള്ള വേഷം ധരിച്ചത് ട്രംപിനും അമേരിക്കന്‍ മാധ്യമങ്ങള്‍ക്കും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ ചര്‍ച്ചകള്‍ക്കായി വൈറ്റ് ഹൗസിലെത്തിയ സെലെന്‍സ്‌കി കൂടുതല്‍ ഔപചാരിക വസ്ത്രങ്ങള്‍ ധരിച്ചത് ട്രംപിനെയും അമേരിക്കന്‍ മാധ്യമങ്ങളെയും സന്തോഷിപ്പിച്ചു.

2022-ല്‍ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിനുശേഷം സെലെന്‍സ്‌കി പ്രധാനമായും ധരിച്ചിരുന്നത് സൈനിക-പ്രചോദിത വസ്ത്രങ്ങളായിരുന്നു. ഇതില്‍ നിന്നുള്ള വ്യതിയാനമാണ് ട്രംപിനെ കാണാനെത്തിയപ്പോഴുള്ള ഫാഷന്‍ മാറ്റം.

Trump praises Zelensky’s dressing style

More Stories from this section

family-dental
witywide