
വാഷിംഗ്ടണ്‍: ഗാസയിൽ അടുത്ത ഒരാഴ്ചക്കുള്ളിൽ വെടിനിർത്തൽ കരാർ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമാധാന കരാറിനോട് ഭരണകൂടം എത്രത്തോളം അടുത്തെത്തിയെന്ന് ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് അടുത്തെത്തിയെന്ന് ഞാൻ കരുതുന്നു എന്നാണ് ട്രംപ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചില ആളുകളുമായി ഞാൻ ഇപ്പോൾ സംസാരിച്ചു. ഗാസയിൽ നടക്കുന്നത് ഭയാനകമായ ഒരു സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഒരു വെടിനിർത്തൽ ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായ സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമർ തിങ്കളാഴ്ച വാഷിംഗ്ടൺ ഡി സി സന്ദർശിക്കുന്നുണ്ട്. നെതന്യാഹുവും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ സന്ദർശനം. നെതന്യാഹുവിന്‍റെ സന്ദർശനത്തിന് നിശ്ചിത തീയതിയായിട്ടില്ല. എന്നാൽ ട്രംപിന് അതിനോട് വളരെ താൽപ്പര്യമുണ്ടെന്നും വ്യാഴാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു.














