
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിവെക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ന് സൈനിക സഹായം നൽകുന്ന രാജ്യങ്ങളുടെ സഖ്യമായ “കോലിഷൻ ഓഫ് ദ വില്ലിംഗ്” എന്ന ഗ്രൂപ്പുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. യുക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും യൂറോപ്യൻ നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
ചൈനയ്‌ക്കെതിരെ സാമ്പത്തിക സമ്മർദ്ദം ചെലുത്താനും ട്രംപ് ആവശ്യപ്പെട്ടു. ഈ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സഖ്യകക്ഷികൾക്കാണെന്ന് വരുത്തിതീർക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു.
ചർച്ചയ്ക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, 26 രാജ്യങ്ങൾ വെടിനിർത്തൽ കരാർ അന്തിമമാക്കിയാൽ സമാധാന സേനയ്ക്ക് സംഭാവന നൽകുമെന്ന് ഉറപ്പുനൽകിയതായി അറിയിച്ചു. എന്നാൽ, യൂറോപ്യൻ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിശ്വാസ്യത ലഭിക്കുന്നതിന് യുഎസിന്റെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.