
ബുധനാഴ്ച വ്‌ളാഡിമിർ പുടിനുമായി “ദീർഘവും വളരെ ഫലപ്രദവുമായ” ഫോൺ സംഭാഷണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുമെന്ന് നേതാക്കൾ സമ്മതിച്ചു. ഏതാണ്ട് ഒന്നര മണിക്കൂർ നീണ്ട ടെലഫോൺ സംഭാഷണത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ദീർഘമായ ചർച്ച നടന്നതായാണ് സൂചന. പൂർണമായും വിവരങ്ങൾ പുറത്തു പറഞ്ഞില്ലെങ്കിലും യുക്രെയിനിൻ്റെ പിടിച്ചെടുത്ത ഭൂമി പൂർണമായും വിട്ടുകൊടുത്തേക്കില്ല എന്ന നിലപാടാണ് ട്രംപ് അറിയിച്ചത്. മാത്രമല്ല, യുക്രെയ്ന് നാറ്റോയിൽ അംഗത്വം നൽകില്ല എന്നും ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഗെഹ്സേത്തും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പല അവസരങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. പുടിൻ -ട്രംപ് സംഭാഷണം നടന്നതായും ട്രംപിനെ പുടിൻ മോസ്കോയിലേക്ക് ക്ഷണിച്ചതായി ക്രെംലിൻ അറിയിച്ചു. എന്നാൽ താനും പുടിനും സൌദി അറേബ്യയിൽ കണ്ടുമുട്ടും എന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ, താനും റഷ്യൻ പ്രസിഡന്റും “ഉടൻ ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചു” എന്ന് ട്രംപ് അറിയിച്ചു.
, “ശാശ്വതവും വിശ്വസനീയവുമായ സമാധാനം” സംബന്ധിച്ച് ട്രംപുമായി സംസാരിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും അറിയിച്ചു.
വെള്ളിയാഴ്ച മ്യൂണിക്കിൽ യുക്രെയ്‌നിനെക്കുറിച്ചുള്ള ഒരു പ്രതിരോധ ഉച്ചകോടിക്കിടെ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും കാണുമെന്ന് സെലെൻസ്‌കി പറഞ്ഞു.
ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി: ” പരിഹാസ്യമായ ഈ യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിത്, യുദ്ധത്തെ തുടർന്ന് അനാവശ്യവുമായ മരണവും നാശവും നടന്നിട്ടുണ്ട്. റഷ്യയിലെയും യുക്രെയ്‌നിലെയും ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!”