
ടേൺബറി, സ്കോട്ട്ലൻഡ്: അമേരിക്കയുമായി പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ ഏകീകൃത താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ടേൺബറിയിൽവെച്ച് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ലോകത്തെ സംബന്ധിച്ചിടത്തോളം, ഇത് ഏകദേശം 15 മുതൽ 20 ശതമാനം വരെയായിരിക്കും. എനിക്ക് നല്ലരീതിയിൽ പെരുമാറണമെന്ന് മാത്രമേയുള്ളൂ എന്നും ട്രംപ് പറഞ്ഞു. ഏപ്രിലിൽ യുഎസ് പ്രസിഡന്‍റ് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന താരിഫിൽ നിന്ന് വർധനവ് രേഖപ്പെടുത്തുന്നതിനാൽ ട്രംപിന്‍റെ ഈ പ്രസ്താവനയ്ക്ക് ഒരുപാട് പ്രാധാന്യമുണ്ട്. ഇത് 10 ശതമാനം താരിഫ് നിരക്ക് പ്രതീക്ഷിച്ചിരുന്ന ചെറുകിട രാജ്യങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.
ഈ മാസം ആദ്യം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, കരീബിയൻ രാജ്യങ്ങൾ, ആഫ്രിക്കയിലെ പല രാജ്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചെറുകിട രാജ്യങ്ങൾക്ക് 10 ശതമാനം അടിസ്ഥാന താരിഫ് ആയിരിക്കുമെന്നാണ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞത്. എന്നാൽ ട്രംപ് ഇങ്ങനെ പറഞ്ഞു: “ബാക്കിയുള്ള ലോകത്തിന് ഞങ്ങൾ ഒരു താരിഫ് നിശ്ചയിക്കാൻ പോകുന്നു, യുഎസിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ അത് നൽകേണ്ടി വരും, കാരണം നിങ്ങൾക്ക് ഇരുനൂറ് കരാറുകൾ ഉണ്ടാക്കാൻ കഴിയില്ല”.
ട്രംപിന്റെ ഓഗസ്റ്റ് ഒന്നിലെ താരിഫ് സമയപരിധിക്ക് മുന്നോടിയായി ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇപ്പോഴും യുഎസുമായി വ്യാപാര കരാറുകൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. സമയപരിധി അടുക്കുന്നതിനിടെ, കൂടുതൽ കരാറുകൾ ഉണ്ടാക്കാൻ വൈറ്റ് ഹൗസിന് സമ്മർദ്ദമില്ല എന്നും ട്രംപ് ഭരണകൂട ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.