അസാധാരണം! ഈ വർഷം രണ്ടാമതും മെഡിക്കൽ പരിശോധന നടത്തി ട്രംപ്; എന്തിനെന്ന് പറയാൻ കൂട്ടാക്കിയില്ല, എംആർഐയിൽ പ്രശ്നങ്ങളില്ലെന്ന് വിശദീകരണം

വാഷിംഗ്ടൺ: ഈ വർഷം താൻ നടത്തിയ രണ്ടാമത്തെ മെഡിക്കൽ പരിശോധനയുടെ ഭാഗമായി വാൾട്ടർ റീഡിൽ വെച്ച് എംആർഐ സ്കാൻ നടത്തിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പ്രസിഡന്‍റിന്‍റെ ആരോഗ്യത്തെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നതിനിടയിലാണ് ആദ്യമായി ട്രംപ് തന്നെ പരിശോധനയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. എംആര്‍ഐ സ്കാനിൽ പ്രശ്നങ്ങൾ ഒന്നും കണ്ടില്ലെന്നും ഏഷ്യൻ യാത്രക്കിടെ എയർഫോഴ്‌സ് വണ്ണിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റുമാരിൽ ഒരാളാണ് 79 വയസ്സുള്ള ട്രംപ്. ഈ മാസം ആദ്യം നടത്തിയ വാൾട്ടർ റീഡ് സന്ദർശനത്തിൽ എന്തുകൊണ്ടാണ് എംആർഐ എടുത്തതെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. കാരണം അറിയണമെങ്കിൽ ഡോക്ടർമാരോട് ചോദിക്കാനാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. സാധാരണയായി, പ്രസിഡന്‍റുമാർ ഒരു വർഷത്തിൽ ഒരു സമഗ്ര പരിശോധനയാണ് നടത്താറുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ട്രംപ് ഈ വർഷം രണ്ടാമതും ആശുപത്രി സന്ദർശിച്ചത് എന്തുകൊണ്ടാണെന്ന് വൈറ്റ് ഹൗസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

“ഞാൻ നിങ്ങൾക്ക് വളരെ കൃത്യമായ റിപ്പോർട്ടാണ് നൽകിയത്. ഞാൻ നൽകിയത് പോലെയുള്ള റിപ്പോർട്ടുകൾ ആരും നിങ്ങൾക്ക് നൽകിയിട്ടില്ല. ഫലം മോശമായിരുന്നെങ്കിൽ, ഞാൻ നിങ്ങളെ അറിയിക്കുമായിരുന്നു, ഞാൻ മത്സരിക്കുകയുമില്ലായിരുന്നു. ഞാൻ എന്തെങ്കിലും ചെയ്യുമായിരുന്നു. എന്നാൽ എന്‍റെ ഡോക്ടർമാർ പറഞ്ഞത് എന്‍റെ പ്രായത്തിനനുസരിച്ചുള്ള ഏറ്റവും മികച്ച റിപ്പോർട്ടുകളിൽ ഒന്നാണിതെന്നാണ്” ട്രംപ് അവകാശപ്പെട്ടു.

ഈ വേനൽക്കാലത്ത്, കാലുകളിലെ നീർക്കെട്ട് സംബന്ധിച്ച് ട്രംപിനെ പരിശോധിക്കുകയും അദ്ദേഹത്തിന് വിട്ടുമാറാത്ത സിരകളുടെ അപര്യാപ്തത ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
കൂടാതെ, ട്രംപിന്‍റെ വലത് കയ്യിലുണ്ടായ തുടർച്ചയായ ചതവുകൾ വലിയ ചർച്ചയായിരുന്നു. ചില സമയങ്ങളിൽ കനത്ത മേക്കപ്പ് ഉപയോഗിച്ച് ഇത് മറയ്ക്കാൻ ട്രംപ് ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. കൂടുതലായുള്ള ഹസ്തദാനവും രക്തം കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന ആസ്പിരിൻ ഗുളികകൾ കഴിക്കുന്നതുമാണ് ചതവുകൾക്ക് കാരണമെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യൻ ഡോ. സീൻ ബാർബെല്ല വിശദീകരിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide