ക്രെഡിറ്റ് കിട്ടിയില്ല പോലും; ഇന്ത്യ- പാക് ഉൾപ്പെടെ എട്ട് സംഘർഷങ്ങൾ അവസാനിപ്പിച്ചെന്ന് നെതന്യാഹുവിൻ്റെ സാന്നിധ്യത്തിലും ട്രംപ്

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള എട്ട് യുദ്ധങ്ങൾ താൻ പരിഹരിച്ചുവെന്ന അവകാശവാദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചു.

ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ തിങ്കളാഴ്ച നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഈ പരാമർശം നടത്തിയത്. തന്റെ രണ്ടാം ഊഴത്തിന്റെ ആദ്യ വർഷത്തിൽ തന്നെ ഇന്ത്യ-പാക് തർക്കം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും എന്നാൽ അതിന്റെ ക്രെഡിറ്റ് തനിക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അർമേനിയ-അസർബൈജാൻ സംഘർഷം ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു. വ്യാപാര നിരോധനവും 200 ശതമാനം താരിഫും ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

“എട്ട് യുദ്ധങ്ങൾ ഒത്തുതീർപ്പാക്കി, പക്ഷേ ഞങ്ങൾക്ക് രാജ്യങ്ങളെ അറിയില്ല. അസർബൈജാൻ… നിങ്ങൾക്ക് അത് പറയാൻ കഴിയുമ്പോൾ അത് നല്ലതാണ്… റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യഥാർത്ഥത്തിൽ എന്നോട് പറഞ്ഞു, ‘നിങ്ങൾ ആ യുദ്ധം ഒത്തുതീർപ്പാക്കിയെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, കാരണം ഞാൻ 10 വർഷമായി ശ്രമിച്ചുകൊണ്ടിരുന്നു.’ ഒരു ദിവസം കൊണ്ട് ഞാൻ അത് പരിഹരിച്ചു,” ട്രംപ് പറഞ്ഞു. “വ്യാപാരം. അവർ വ്യാപാരം ചെയ്യുന്നു. ഞാൻ പറഞ്ഞു, ‘നിങ്ങളെ വ്യാപാരത്തിൽ നിന്ന് ഞങ്ങൾ പുറത്താക്കാൻ പോകുന്നു. ഇനി വ്യാപാരം വേണ്ട. രണ്ടുപേർക്കും… പിന്നെ ഞാൻ 200 ശതമാനം താരിഫ് ഇട്ടു… അടുത്ത ദിവസം അവർ വിളിച്ചു… 35 വർഷത്തെ പോരാട്ടം, അവർ നിർത്തി.”- ട്രംപ് കൂട്ടിച്ചേർത്തു.

മെയ് മാസത്തിൽ ഉണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനിടെ വാഷിംഗ്ടണിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതായി ട്രംപ് മുൻപും പലവട്ടം അവകാശപ്പെട്ടിരുന്നു. അന്നുമുതൽ എഴുപതോളം തവണ അദ്ദേഹം ഈ അവകാശവാദം ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ ഈ അവകാശവാദം ഇന്ത്യ ആവർത്തിച്ച് തള്ളിക്കളയുന്നുണ്ട്. പാകിസ്ഥാനുമായുള്ള സൈനിക സംഘർഷം (ഓപ്പറേഷൻ സിന്ദൂർ) അവസാനിപ്പിച്ചത് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണെന്നും ഇതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

അതേസമയം, നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ഗാസ സമാധാന പദ്ധതിയെക്കുറിച്ചും ഹമാസിന്റെ നിരായുധീകരണത്തെക്കുറിച്ചും ട്രംപ് ചർച്ചകൾ നടത്തി.

Trump reiterated his claim that he has resolved eight wars around the world, including the military conflict between India and Pakistan

More Stories from this section

family-dental
witywide