
വാഷിംഗ്ടൺ/ക്വാലാലംപുർ: തന്‍റെ രണ്ടാമത്തെ ഭരണകാലം ആരംഭിച്ച ജനുവരി മുതൽ എട്ട് സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സഹായിച്ചു എന്ന വാദം ഏഷ്യൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഞങ്ങൾ ഒരു മാസത്തിൽ ശരാശരി ഒരു യുദ്ധം അവസാനിപ്പിക്കുന്നു. ഇനി ഒരെണ്ണം മാത്രമേ ബാക്കിയുള്ളൂ, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയെന്ന് കേട്ടു. പക്ഷേ അത് ഞാൻ വേഗത്തിൽ പരിഹരിക്കുമെന്ന് ട്രംപ് പറഞ്ഞു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അടുത്തിടെ അതിർത്തിയിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നെങ്കിലും, ഖത്തറിന്‍റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ആഴ്ച രണ്ടാമത്തെ വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. നൊബേൽ സമ്മാനം ലക്ഷ്യം വെക്കുന്ന ട്രംപ്, ദീർഘകാല ശത്രുക്കൾക്കിടയിൽ കരാറുകൾ ഉണ്ടാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം അവസാനിപ്പിച്ചതായി അവകാശപ്പെടുന്ന ചില സംഘർഷങ്ങളിൽ ട്രംപിന്‍റെ പങ്ക് തർക്കവിഷയമാണ്.
സെപ്റ്റംബറിൽ യുഎൻ പൊതുസഭയിൽ സംസാരിക്കവെ, താൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സംഘർഷങ്ങൾ എല്ലാം രൂക്ഷമായിരുന്നു, കണക്കില്ലാത്ത ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിൽ കംബോഡിയയും തായ്‌ലൻഡും, കൊസോവോയും സെർബിയയും, കോംഗോയും റുവാണ്ടയും – പാകിസ്ഥാനും ഇന്ത്യയും, ഇസ്രായേലും ഇറാനും, ഈജിപ്തും എത്യോപ്യയും, അർമേനിയയും അസർബൈജാനും എന്നിവയെല്ലാം ഉൾപ്പെടുന്നു,” അദ്ദേഹം വിശദീകരിച്ചു.
ഗാസയിലെ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഉറപ്പാക്കിയതോടെ ഈ കണക്ക് എട്ടായി വർദ്ധിച്ചു. എന്നാൽ, റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ അദ്ദേഹത്തിന് ഇതുവരെ പുരോഗതി നേടാനായിട്ടില്ല. ഈ യുദ്ധം ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്ന് ട്രംപ് ഒരിക്കൽ പറഞ്ഞിരുന്നു.















