നിലപാട് വ്യക്തമാക്കി ട്രംപ്; അമേരിക്കൻ സൈന്യത്തെ യുക്രെയ്നിലേക്ക് അയക്കില്ല, ‘കീവിനെ സംരക്ഷിക്കാൻ മറ്റു മാർഗങ്ങളുണ്ട്’

വാഷിംഗ്ടണ്‍: അമേരിക്കൻ സൈന്യത്തെ യുക്രെയ്നിലേക്ക് അയക്കില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒരു സമാധാന ഉടമ്പടി ഉണ്ടായാലും സൈനികരെ അയക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇന്നലെ ഈ വിഷയത്തിൽ തുറന്ന സമീപനം പ്രകടിപ്പിച്ചതിന് ശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഇന്ന് രാവിലെ ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിൽ, ‘ട്രംപ് ഭരണകൂടത്തിനു ശേഷം യുക്രെയ്ൻ അതിർത്തി സംരക്ഷിക്കാൻ അമേരിക്കൻ സൈനികർ ഉണ്ടാകില്ലെന്ന് നിങ്ങൾക്ക് എന്ത് ഉറപ്പാണുള്ളത്?’ എന്ന് ചോദിച്ചപ്പോൾ, ‘ഞാൻ പ്രസിഡന്‍റായിരിക്കുന്നിടത്തോളം അതിനുള്ള എന്റെ ഉറപ്പ് നിങ്ങൾക്കുണ്ട്’ എന്ന് ട്രംപ് മറുപടി നൽകി.

യുക്രെയ്നിനെ സംരക്ഷിക്കാൻ യുഎസ് സൈന്യത്തെ അയക്കുന്നതിനോട് ട്രംപിന് ശക്തമായ വിയോജിപ്പുണ്ടെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. എന്നാൽ, കീവിനെ സംരക്ഷിക്കാൻ മറ്റു മാർഗങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ ഉറപ്പുകളെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, അതിൻ്റെ വിശദാംശങ്ങൾ യുഎസും യൂറോപ്യൻ സഖ്യകക്ഷികളും യുക്രെയ്നുമായി ചർച്ച ചെയ്യുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരു സമാധാന ഉടമ്പടിയിലെത്തിയാൽ, റഷ്യ വീണ്ടും സംഘടിച്ച് കൂടുതൽ പ്രദേശം പിടിച്ചെടുക്കാൻ സാധ്യതയുണ്ടോ എന്ന് വിദേശ നേതാക്കൾക്ക് ആശങ്കയുണ്ട്. അത് ഉറപ്പാക്കാൻ ട്രംപ് എന്ത് ചെയ്യുമെന്ന് അറിയാനാണ് അവർ അറിയാൻ ആഗ്രഹിക്കുന്നത്.

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ ചെറുക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങളാണ് ‘ആദ്യ പ്രതിരോധ നിര’ എന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ, മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുഎസ് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide