
വാഷിംഗ്ടണ്‍ : ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന് (ഐഡിഎഫ്) തന്റെ ഉത്തരവുപ്രകാരം ഗാസയിലേക്ക് മടങ്ങാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ദികളെ കൈമാറാനുള്ള കരാര്‍ ഹമാസ് പൂര്‍ണ്ണമായും പാലിച്ചിട്ടില്ലെന്ന ഇസ്രായേലിന്റെ ആരോപണങ്ങളെ പരാമര്‍ശിച്ചാണ് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ട്രംപ് രൂപപ്പെടുത്തിയ 20 ഇന സമാധാന പദ്ധതി പ്രകാരം, ‘ഇസ്രായേല്‍ ഈ കരാര്‍ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തിരികെ നല്‍കണം എന്നായിരുന്നു. ബുധനാഴ്ച രാവിലെ വരെ, ജീവിച്ചിരിക്കുന്ന 20 ഇസ്രായേലി ബന്ദികളെയാണ് വിട്ടയച്ചത്. അതേസമയം നാല് മൃതദേഹങ്ങള്‍ മാത്രമേ തിരികെ നല്‍കിയിട്ടുള്ളൂ. മൃതദേഹങ്ങളില്‍ ഒന്ന് ഇസ്രായേലി ബന്ദിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേല്‍ സൈന്യം രംഗത്തെത്തി.
‘ആ 20 ബന്ദികളെ പുറത്തെത്തിക്കുക എന്നത് പരമപ്രധാനമായിരുന്നു. ഗാസയില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഹമാസ് നിരായുധീകരിക്കണം, അല്ലെങ്കില്‍ ‘ഞങ്ങള്‍ അവരെ നിരായുധീകരിക്കും’ എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഗാസ ഭരിക്കുന്നതില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും, അത് സൈനികവല്‍ക്കരിക്കപ്പെടുകയും സ്വതന്ത്രമായി നിരീക്ഷിക്കപ്പെടുകയും ചെയ്യുമെന്നും ട്രംപ് നിര്‍ദ്ദേശിക്കുന്നു.
നിരപരാധികളായ പലസ്തീനികളെ ഹമാസ് വധിക്കുന്നുണ്ടാകുമോ എന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ തങ്ങള്‍ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഈജിപ്തില്‍ നടന്ന ‘ട്രംപ് സമാധാന ഉടമ്പടി’യുടെ തത്വങ്ങളില്‍ ഒപ്പുവെച്ചതോ പിന്തുണച്ചതോ ആയ രാജ്യങ്ങളുടെ പരാമര്‍ശിച്ചുകൊണ്ട് ‘അമ്പത്തിയൊമ്പത് രാജ്യങ്ങള്‍ ഇതില്‍ ഭാഗമാണ്, ശക്തമായ അന്താരാഷ്ട്ര പിന്തുണയുണ്ട്’ – എന്നും ട്രംപ് ചൂണ്ടിക്കാട്ടി.
Trump said that Israeli forces could return to Gaza on his command if Hamas compromises the ceasefire deal.