
റിയാദ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയിൽ തന്ത്രപ്രധാന സാമ്പത്തിക സഹകരണ കരാറും പ്രതിരോധ കരാറുകളിലും ഒപ്പുവെച്ച് സൗദി അറേബ്യ. 142 ബില്യൺ ഡോളറിന്‍റെ പ്രതിരോധ കരാറാണ് സൗദിയും അമേരിക്കയും ഒപ്പുവച്ചത്. സൗദിയുടെ റോയൽ എയർഫോഴ്സ് അകമ്പടിയിൽ വിമാനമിറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. നാളെ അമേരിക്കയും ഗൾഫ് രാജ്യങ്ങളുമായുള്ള സുപ്രധാന ഉച്ചകോടി നടക്കും. ഇസ്രയേൽ സന്ദർശിക്കുന്നില്ലെന്നതും പലസ്തീൻ സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നതും ലോകശ്രദ്ധയെ ട്രംപിലേക്കെത്തിക്കുന്നുണ്ട്.
ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഏറ്റവും വലിയ ചലനങ്ങളുണ്ടായത് മിഡിൽ ഈസ്റ്റ് മേഖലയിലാണ്. ഹമാസ് – ഇസ്രയേൽ വെടിനിർത്തൽ ഇതിൽ ഏറ്റവും പ്രധാനമാണ്. ഇസ്രയേൽ സന്ദർശിക്കാതെ മടങ്ങുന്ന ട്രംപ്, പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തുമോയെന്ന് അഭ്യുഹങ്ങൾ സജീവമാണ്. ഹൂത്തികളുമായി നിലപാട് മയപ്പെടുത്തിയതും ഹമാസുമായി ചർച്ച ചെയ്ത് അമേരിക്കൻ – ഇസ്രയേലി ബന്ദിയെ മോചിപ്പിച്ചതും ശ്രദ്ധേയം.