
വാഷിംഗ്ടൺ: തെറ്റായി നാടുകടത്തപ്പെട്ട കിൽമാർ അബ്രേഗോ ഗാർസിയയെ ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ പിന്തുണയ്ക്കുന്നത് വോട്ടുകൾക്ക് ഗുണം ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നതുകൊണ്ടാണെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അവർക്ക് ഇത് വോട്ടുകൾക്ക് നല്ലതാണെന്ന് തോന്നുന്നു. എന്നാൽ ഇത് വോട്ടുകൾക്ക് വളരെ മോശമാണെന്നാണ് എന്റെ അഭിപ്രായമെന്നും ട്രംപ് പറഞ്ഞു.
ഗാർസിയ ഇപ്പോൾ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്ന് ട്രംപും അറ്റോർണി ജനറൽ പാം ബോണ്ടിയും പറഞ്ഞു. അവൻ ഇനി നമ്മുടെ രാജ്യത്ത് ഭീകരത സൃഷ്ടിക്കില്ല. കുട്ടികളെ ഉൾപ്പെടെ മനുഷ്യക്കടത്ത് നടത്തിയതിന് നിലവിൽ ഇയാൾക്കെതിരെ കേസുണ്ട്. ഈ വ്യക്തി ജയിലിൽ പോകേണ്ടതുണ്ട്. എല്ലാ ലിബറലുകളും ആഗ്രഹിക്കുന്നതുപോലെ ഇയാൾക്ക് തെരുവുകളിൽ ഇറങ്ങാൻ കഴിയില്ലെന്നും ബോണ്ടി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ബാൾട്ടിമോറിലെ ഒരു ഫെസിലിറ്റിയിൽ സ്വയം ഹാജരായതിനെത്തുടർന്ന് ഗാർസിയയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) കസ്റ്റഡിയിലെടുത്തിരുന്നു. ഉഗാണ്ടയിലേക്കുള്ള നാടുകടത്തൽ തടയാനും ജാമ്യം നേടി പുറത്തിറങ്ങാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകർ ഫെഡറൽ കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്തിട്ടുണ്ട്.