യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ സാധ്യമായേക്കും, എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചശേഷമുള്ള തൻ്റെ പുതിയ നീക്കമെന്ന് ട്രംപ്

വാഷിംഗ്ടൺ: ലോകരാജ്യങ്ങൾ കാത്തിരിക്കുന്ന ആശ്വാസ പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ സാധ്യമായേക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് പറയുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും യൂറോപ്യൻ നേതാക്കളുമായും സംസാരിച്ചശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം എത്തിയത്.

ബെർലിനിൽ സെലൻസ്‌കിയും ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ രാജ്യങ്ങളുടെ നേതാക്കളുമായും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായും രണ്ടു ദിവസങ്ങളിലായി ചർച്ചകൾ നടന്നിരുന്നു. യുക്രെയ്‌ന് സുരക്ഷാ ഗ്യാരണ്ടി നൽകാൻ തയാറാണെന്നും അമേരിക്കയുടെ പിന്തുണയോടെയുള്ള യൂറോപ്യൻ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സേന യുക്രെയ്‌നിൽ വിന്യസിപ്പിക്കുമെന്നും ചർച്ചകൾക്കുശേഷം യൂറോപ്യൻ നേതാക്കൾ അറിയിച്ചിരുന്നു.

“പ്രസിഡന്റ് സെലെൻസ്‌കിയുമായി ഞാൻ ദീർഘനേരം സംസാരിച്ചു. കൂടാതെ, ജർമ്മനി, ഇറ്റലി, നാറ്റോ, ഫിൻലാൻഡ്, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, പോളണ്ട്, നോർവേ, ഡെൻമാർക്ക്, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും ഞാൻ സംസാരിച്ചു. ഇവരുമായി വളരെ നീണ്ട ചർച്ചകൾ നടത്തി” ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നേരിട്ട് സംസാരിച്ചതായും യുദ്ധം അവസാനിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞതായി ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, എട്ട് യുദ്ധങ്ങൾ പരിഹരിച്ചതിന് ശേഷമാണ് റഷ്യയും യുക്രെയ്നും തമ്മിലുള്ള ഈ സമാധാന കരാറിലേക്ക് താൻ എത്തുന്നതെന്നും ട്രംപ് ആവർത്തിച്ചു.

Trump says deal to end Ukraine war could be possible soon

More Stories from this section

family-dental
witywide