
വാഷിംഗ്ടണ്‍: വ്യാപാര കരാറിന്‍റെ ഭാഗമായി ചൈന അമേരിക്കയ്ക്ക് അപൂർവ ഭൗമ മൂലകങ്ങൾ മുൻകൂട്ടി നൽകുമെന്നും ചൈനീസ് വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുമെന്നും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഇക്കാര്യങ്ങൾ അറിയിച്ചു. ചൈനീസ് വിദ്യാർത്ഥികളെ അമേരിക്കൻ കോളേജുകളിലും സർവ്വകലാശാലകളിലും പഠിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് അനുവദിക്കും. ചൈനയുമായുള്ള കരാർ പൂർത്തിയായി എന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംങ്ങും ട്രംപും ഈ കരാറിന് അന്തിമ അംഗീകാരം നൽകും.
ആവശ്യമായ എല്ലാ അപൂർവ ഭൗമ മൂലകങ്ങളും ചൈന മുൻകൂട്ടി നൽകും. അതുപോലെ, ചൈനയ്ക്ക് സമ്മതിച്ച കാര്യങ്ങൾ യുഎസ് നൽകും. യുഎസിന് ആകെ 55 ശതമാനം താരിഫുകൾ ലഭിക്കും. ചൈനയ്ക്ക് 10 ശതമാനവും. ആ ബന്ധം മികച്ചതാണെന്നും ട്രംപ് വ്യക്തമാക്കി. മെയ് മാസത്തിൽ, ഇരു രാജ്യങ്ങൾക്കുമിടയിലെ താരിഫ് വെടിനിർത്തൽ പാളം തെറ്റാൻ കാരണം അപൂർവ ഭൗമ മൂലകങ്ങളായിരുന്നു. വാഷിംഗ്ടണുമായി സഹകരണം ശക്തിപ്പെടുത്താൻ ബീജിംഗ് തയ്യാറാണെന്ന് ചൈനയുടെ വൈസ് പ്രീമിയർ പറഞ്ഞിരുന്നു. ദീർഘകാലമായി നിലനിന്നിരുന്ന വ്യാപാര തർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരത്തിനുള്ള സൂചനകൾ നൽകാതെ തന്നെ, വ്യാപാര വെടിനിർത്തൽ വീണ്ടും ട്രാക്കിലാക്കാനും അപൂർവ ഭൗമ മൂലകങ്ങളുടെ ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ നീക്കം ചെയ്യാനും ഒരു ചട്ടക്കൂട് അംഗീകരിച്ചതായി യുഎസ്, ചൈനീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.