അവർ യുഎസ് പ്രതിനിധി സംഘത്തെ ക്ഷണിച്ചെന്ന് ട്രംപ്, ഞങ്ങൾ ആരെയും വിളിച്ചിട്ടില്ലെന്ന് ഗ്രീൻലാൻഡ് സർക്കാർ, യുഎസ് ലക്ഷ്യം എന്ത്?

വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ ഭാര്യ ഉഷ വാൻസിന്‍റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘത്തെ ആർട്ടിക് പ്രദേശം സന്ദർശിക്കാൻ ദ്വീപിലെ ഉദ്യോഗസ്ഥർ ക്ഷണിച്ചുവെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളി ഗ്രീൻലാൻഡ് സര്‍ക്കാർ. ഉഷ വാൻസും സംഘവും വ്യാഴാഴ്ച ഗ്രീൻലാൻഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സും ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും ഒപ്പമുണ്ടാകും. വാൻസും മകനും ഒരു നായവണ്ടി മത്സരം കാണുകയും ഗ്രീൻലാൻഡിക് സംസ്കാരവും ഐക്യവും ആഘോഷിക്കുകയും ചെയ്യും എന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. വാൾട്സും റൈറ്റും യുഎസ് സൈനിക താവളം സന്ദർശിക്കാൻ പദ്ധതിയിടുന്നു.

ഡാനിഷ് പ്രദേശം ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ ആഗ്രഹം കണക്കിലെടുത്ത്, പ്രധാനമന്ത്രി മുട്ടെ ബി. എഗെഡെ ഉൾപ്പെടെയുള്ള ഗ്രീൻലാൻഡിലെ നേതാക്കൾ ഈ യാത്രയെ പ്രകോപനം എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, സന്ദർശനം അത്തരത്തിലുള്ളതല്ലെന്നാണ് പറഞ്ഞത്. ഇത് തികച്ചും സൗഹൃദപരമായ സന്ദർശനമാണെന്നും ഗ്രീൻലാൻഡിലെ ഉദ്യോഗസ്ഥർ അമേരിക്കൻ പ്രതിനിധി സംഘത്തെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, ആരെയും ക്ഷണിച്ചില്ലെന്നാണ് ഇപ്പോൾ ഗ്രീൻലാൻഡ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.