
വാഷിംഗ്ടണ്‍ : പലസ്തീനു രാഷ്ട്രപദവി നല്‍കുന്ന കാര്യത്തില്‍ ഇപ്പോള്‍ നിലപാടെടുക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ മനുഷ്യര്‍ക്ക് ആഹാരം എത്തിക്കുന്നതിനാണ് ഒന്നാമത്തെ പരിഗണനയെന്നും വേണ്ട നടപടിയെടുക്കാന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. അടിയന്തര സഹായമെത്തിക്കാന്‍ യുഎസ് 60 മില്യന്‍ ഡോളര്‍ നല്‍കിയതായും പറഞ്ഞു.
അവസാനത്തെ 20 ബന്ദികളെ കൈമാറാന്‍ ഹമാസ് തയാറാകാത്തത് പ്രതിസന്ധിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. മാത്രമല്ല, ഹമാസുമായുള്ള ഇടപെടല്‍ അതീവ ദുഷ്‌കരമായെന്നും ട്രംപ് സൂചിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറിനൊപ്പം സ്‌കോട്ലന്‍ഡില്‍ മാധ്യമങ്ങളെ കാണുവെയായിരുന്നു ട്രംപിന്റെ അഭിപ്രായ പ്രകടനം. അതേസമയം, ഗാസയിലെ ഭരണത്തില്‍ ഭാവിയില്‍ ഹമാസിനു പങ്കുണ്ടാകില്ലെന്ന് സ്റ്റാമറും പറഞ്ഞു.
ഗാസയില്‍ കൂടുതല്‍ സഹായം എത്തിക്കാന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്റെ ഹൊറൈസണ്‍ ഗവേഷണ ഫണ്ട് ഇസ്രയേലിനു നല്‍കുന്നതു മരവിപ്പിക്കാന്‍ നീക്കമുണ്ട്.