
വാഷിംഗ്ടൺ: ഒടുവിൽ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരസ്യമായി പുറത്തുവിടാൻ തന്റെ ഭരണകൂടത്തോട് ആവശ്യപ്പെടുന്ന ബില്ലിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് എന്ന് വിളിക്കപ്പെടുന്ന ഈ ബിൽ, എപ്സ്റ്റീൻ കേസിലെ അന്വേഷണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും “തിരയാനും ഡൗൺലോഡ് ചെയ്യാവുന്നതുമായ ഫോർമാറ്റിൽ” 30 ദിവസത്തിനുള്ളിൽ നീതിന്യായ വകുപ്പ് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നതാണ്. ബില്ലിൽ ഒപ്പുവെച്ചതായി സമൂഹമാധ്യമത്തിലൂടെ ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.
മാസങ്ങളായി ഈ നീക്കത്തെ എതിർത്ത ട്രംപ്, എപ്സ്റ്റീന്റെ ഇരകളിൽ നിന്നും സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങളിൽ നിന്നും എതിർപ്പ് നേരിട്ടതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച തന്റെ നിലപാട് മാറ്റുകയായിരുന്നു. തന്റെ ഭരണകൂടത്തിന്റെ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഡെമോക്രാറ്റുകൾ നടത്തുന്ന നീക്കമാണിതെന്നായിരുന്നു ട്രംപിൻ്റെ വാദം.
“ഒരുപക്ഷേ ഈ ഡെമോക്രാറ്റുകളെക്കുറിച്ചും ജെഫ്രി എപ്സ്റ്റീനുമായുള്ള അവരുടെ ബന്ധങ്ങളെക്കുറിച്ചുമുള്ള സത്യം ഉടൻ വെളിപ്പെടുത്തും, കാരണം എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഞാൻ ഒപ്പിട്ടിട്ടുണ്ട്,” ബില്ലിൽ ഒപ്പിട്ടതായി പ്രഖ്യാപിച്ച് ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. എപ്‌സ്റ്റീൻ ഫയലുകൾ തന്റെ അജണ്ടയിൽ നിന്നുള്ള ശ്രദ്ധ തിരിക്കുന്നതാണെന്നും ഡെമോക്രാറ്റിക് തട്ടിപ്പ് എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. “മറ്റുള്ളവരെപ്പോലെ ഡെമോക്രാറ്റുകൾക്കും തിരിച്ചടിയാകും” എന്ന തന്റെ വാദവും പ്രസിഡന്റ് ആവർത്തിച്ചു!
ബുധനാഴ്ച വൈകുന്നേരം 4:38 ന് ബിൽ വൈറ്റ് ഹൗസിലേക്ക് അയച്ചതായി രണ്ട് കോൺഗ്രസ് നേതാക്കൾ തങ്ങളോട് പറഞ്ഞെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ബിൽ പ്രകാരം അറ്റോര്‍ണി ജനറൽ പാം ബോണ്ടി 30 ദിവസത്തിനുള്ളിൽ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണം. എന്നാൽ ഇരകളുടെ പേരുകളും കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കവും പുറത്തുവിടില്ല. ഒന്നിലധികം ഉയർന്ന തലത്തിലുള്ള വ്യക്തികളെപ്പറ്റിയുള്ള ഫെഡറൽ രേഖകളും പുറത്തുവരാൻ സാധ്യതയുണ്ട്. എന്നാല്‍ തുടരുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കില്ലെന്നാണു സൂചന. ഹൗസില്‍ 427-1 വോട്ടിനു പാസായ ബില്‍ മാറ്റം ചെയ്യേണ്ടതില്ലെന്നു റിപ്പബ്ലിക്കൻ സെനറ്റർമാർ വ്യക്തമാക്കി. അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന് ട്രംപ് അടക്കം ഉന്നതരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഫയലുകൾ മറച്ചുവയ്ക്കാൻ ട്രംപ് ശ്രമിച്ചെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. എന്നാൽ, എപ്സ്റ്റീൻ കേസിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നാണ് ട്രംപിന്‍റെ നിലപാട്.അമേരിക്കയിലെ ശത കോടീശ്വരന്മാർക്കായി വിരുന്നുകൾ സംഘടിപ്പിച്ചിരുന്ന വിവാദ വ്യവസായിയായിരുന്നു ജെഫ്രി എപ്സ്റ്റീൻ.
Trump says he signed the Jeffrey Epstein file bill.















