
വാഷിംഗ്ടൺ: യുക്രൈനിലേക്ക് ആയുധങ്ങൾ അയക്കുന്നതിനായി നാറ്റോയുമായി ഒരു കരാറിൽ ഏർപ്പെട്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആയുധങ്ങളുടെ മുഴുവൻ ചിലവും നാറ്റോ വഹിക്കുമെന്നും പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച എൻബിസി ന്യൂസിനോട് പറഞ്ഞു. “ഞങ്ങൾ നാറ്റോയിലേക്ക് ആയുധങ്ങൾ അയയ്ക്കുന്നു, ആ ആയുധങ്ങളുടെ നൂറു ശതമാനം ചിലവും നാറ്റോ വഹിക്കുന്നു,” പ്രസിഡന്റ് വ്യാഴാഴ്ച പറഞ്ഞു. ഞങ്ങൾ പാട്രിയറ്റ് മിസൈലുകൾ നാറ്റോയ്ക്ക് അയയ്ക്കും, തുടർന്ന് നാറ്റോ അത് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയുടെ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ യുക്രൈന് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഖ്യകക്ഷികൾ തുടർന്നും പ്രവർത്തിക്കുകയാണ് എന്നാണ് നാറ്റോ വക്താവ് പറഞ്ഞത്. വ്യോമ പ്രതിരോധവും വെടിക്കോപ്പുകളും ഉൾപ്പെടെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് പ്രധാന വിതരണങ്ങൾ നേടുന്നതിനുള്ള അടിയന്തിര ശ്രമങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ വ്യാഴാഴ്ച ട്രംപുമായി സംസാരിച്ചിരുന്നു. കൂടുതൽ വെടിക്കോപ്പുകളും വ്യോമ പ്രതിരോധവും യുക്രൈന് ലഭിക്കുന്നതിനായി നേതാക്കളോട് കൂടുതൽ മുന്നോട്ട് പോകാൻ താൻ അഭ്യർത്ഥിച്ചുവെന്ന് റുട്ടെ എക്സിൽ കുറിച്ചു. പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു, യുക്രൈന് ആവശ്യമായ സഹായം ലഭിക്കുന്നതിനായി സഖ്യകക്ഷികളുമായി ഇപ്പോൾ ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.