
വാഷിംഗ്ടൺ: തടവിലാക്കപ്പെട്ട ഹോങ്കോങ് മാധ്യമപ്രവർത്തകനും ജനാധിപത്യ അനുകൂലിയുമായ ജിമ്മി ലായിയെ സഹായിക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്യും എന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഇത് ഇഷ്ടപ്പെട്ടേക്കില്ലെങ്കിലും താൻ പിന്നോട്ട് പോകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഫോക്സ് ന്യൂസ് റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. “അദ്ദേഹത്തെ രക്ഷിക്കാൻ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യും. നമുക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാം… സാധ്യമായതെല്ലാം ചെയ്യും,” ട്രംപ് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര, താരിഫ് ചർച്ചകളിൽ ജിമ്മി ലായിയുടെ വിഷയം ഉന്നയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇപ്പോൾ അടച്ചുപൂട്ടിയ ആപ്പിൾ ഡെയ്‌ലി പത്രത്തിൻ്റെ സ്ഥാപകനാണ് 77 വയസ്സുള്ള ജിമ്മി ലായ്. വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്നും രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഉൾപ്പെടെ ഹോങ്കോങ്ങിൻ്റെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2020 ഡിസംബർ മുതൽ 1,500 ദിവസത്തിലധികമായി ഇയാൾ ഏകാന്ത തടവിലാണ്.
ജിമ്മി ലായിയെ അപകടകാരിയായ രാഷ്ട്രീയ പ്രക്ഷോഭകനായാണ് ബെയ്ജിങ് വിശേഷിപ്പിക്കുന്നത്. ജുഡീഷ്യൽ കേസുകൾ ഉപയോഗിച്ച് ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ബാഹ്യശക്തികളുടെ ശ്രമത്തെയും ഹോങ്കോങ്ങിൻ്റെ നിയമവാഴ്ചയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെയും ശക്തമായി എതിർക്കുന്നതായി വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെംഗ്യു പറഞ്ഞു. അതേസമയം, യുഎസും ചൈനയും തമ്മിലുള്ള താരിഫ് വെടിനിർത്തൽ തിങ്കളാഴ്ച 90 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. സാമ്പത്തിക ബന്ധങ്ങളുടെ ഭാവി ചർച്ച ചെയ്യാൻ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അടുത്ത മാസങ്ങളിൽ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു















