ഐസിഇ നടപടിയെ തള്ളിപ്പറഞ്ഞ് സാക്ഷാൽ ട്രംപ്! ‘ഹ്യുണ്ടായ് പ്ലാന്‍റിലെ റെയ്ഡിനെ താൻ എതിർത്തിരുന്നു’, അന്ന് അറസ്റ്റിലായത് 500 പേർ

വാഷിംഗ്ടൺ: കഴിഞ്ഞ സെപ്റ്റംബറിൽ ഹ്യുണ്ടായ് പ്ലാന്‍റിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡിനെ താൻ വളരെ ശക്തമായി എതിർക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമമായിട്ടാണ് ട്രംപിന്‍റെ ഈ പ്രസ്താവനയെ വിലയിരുത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ ദക്ഷിണ കൊറിയയിലേക്ക് ട്രംപ് യാത്ര തിരിക്കുന്നുണ്ട്. യുഎസിലെ ജോർജിയ സംസ്ഥാനത്തുള്ള ഹ്യുണ്ടായ് പ്ലാന്‍റിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡിൽ ദക്ഷിണ കൊറിയൻ പൗരന്മാരടക്കം ഏകദേശം 500 പേരെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വെക്കുകയും ചെയ്തത് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ വലിയ ഉലച്ചിലുണ്ടാക്കിയിരുന്നു. ചർച്ചകൾക്ക് ശേഷം തടവിലാക്കപ്പെട്ട ദക്ഷിണ കൊറിയൻ തൊഴിലാളികളെ ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.

“ഇക്കാര്യത്തിൽ എനിക്ക് എന്ത് തോന്നുന്നു എന്ന് നിങ്ങൾക്കറിയാമല്ലോ, ഞാൻ അതിനെ (റെയ്ഡിനെ) വളരെ ശക്തമായി എതിർത്തു. നോക്കൂ, അവർ വരുമ്പോൾ സങ്കീർണ്ണമായ യന്ത്രങ്ങളും ഉപകരണങ്ങളും ഒക്കെയാണ് നിർമ്മിക്കുന്നത്. ആദ്യ ഘട്ടത്തിലെങ്കിലും അവർക്ക് ചില ആളുകളെ രാജ്യത്തേക്ക് കൊണ്ടുവരേണ്ടിവരും,” ഏഷ്യൻ യാത്രക്കിടെ എയർഫോഴ്‌സ് വണ്ണിന്‍റെ അകമ്പടിയിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

യുഎസിൽ നിക്ഷേപം നടത്തുന്ന മറ്റ് രാജ്യങ്ങൾ വിദഗ്ധരെ കൊണ്ടുവരണം എന്ന് തന്‍റെ ഭരണകൂടം ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി. “ഒരു നിശ്ചിത കാലയളവിലേക്ക് അവർ ആളുകളെ കൂടെ കൊണ്ടുവരണം. അവർ നമ്മുടെ ആളുകളെ ഇത് എങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കും. എന്നാൽ ഒരു നീണ്ട കാലയളവിലേക്ക് പോലും വിജയിക്കണമെങ്കിൽ അവർക്ക് വൈദഗ്ദ്ധ്യം ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

റെയ്ഡിനെ എതിർക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “അവരെ പുറത്താക്കുന്നതിനോടാണ് ഞാൻ എതിർത്തത്. യഥാർത്ഥത്തിൽ, അവർ പോകുന്നതിന് മുമ്പ് തന്നെ കാര്യങ്ങൾ ഒതുങ്ങിയിരുന്നു. അവർക്ക് ഇവിടെ തുടരാമെന്ന് ഞാൻ പറഞ്ഞു… അവർ തിരിച്ചു വരാൻ പോകുകയാണ്,” എന്നും ട്രംപ് പ്രതികരിച്ചു.

More Stories from this section

family-dental
witywide