
ദക്ഷിണ കൊറിയയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചകള്‍ ശുഭമായി അവസാനിച്ചുവെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചയ്ക്കു പിന്നാലെ ചൈനയ്ക്കെതിരായ താരിഫ് 57% ല്‍ നിന്ന് 47% ആയി കുറച്ചതായും അദ്ദേഹം പറഞ്ഞു. ചൈന യുഎസ് സോയാബീന്‍ വാങ്ങലുകള്‍ പുനരാരംഭിക്കുന്നതിനും, അപൂര്‍വ ഭൗമ ധാതു കയറ്റുമതി സുഗമമാക്കുന്നതിനും, ഫെന്റനൈലിന്റെ അനധികൃത വ്യാപാരം തടയുന്നതിനും പകരമായാണ് തീരുവയില്‍ ഇളവ് പ്രഖ്യാപിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അപൂര്‍വ ഭൗമ ധാതു കയറ്റുമതിയില്‍ കരാറിലെത്തിയെന്നും ട്രംപ് അറിയിച്ചു.
വ്യാഴാഴ്ച ദക്ഷിണ കൊറിയയിലെ ബുസാനിലെ ജിയോങ്ജുവില്‍ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് നീണ്ടുനിന്നു.
മാരക മയക്കുമരുന്നായ ഫെന്റനൈലിന്റെ യുഎസിലേക്കുള്ള ഒഴുക്ക് തടയാന്‍ ഷി ജിന്‍പിംങ് ‘വളരെ കഠിനമായി’ പ്രവര്‍ത്തിക്കുമെന്നതിനാല്‍ക്കൂടിയാണ് താന്‍ തീരുവ കുറയ്ക്കുന്ന തീരുമാനം എടുത്തതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ‘അവര്‍ ശരിക്കും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ യുഎസ് പ്രസിഡന്റ് പറഞ്ഞു.
ട്രംപ് ചൈന സന്ദര്‍ശനം പ്രഖ്യാപിച്ചു
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം ഏപ്രിലില്‍ താന്‍ ചൈന സന്ദര്‍ശിക്കുമെന്നും അതിനുശേഷം ഷി ജിന്‍പിംങ് യുഎസിലേക്ക് വരുമെന്നും ട്രംപ് അറിയിച്ചു.
അതേസമയം, തായ്വാനെക്കുറിച്ച് ഒരു ചര്‍ച്ചയും ഇരുവര്‍ക്കും ഇടയില്‍ ഉയര്‍ന്നുവന്നില്ല. തായ്വാന്‍ ‘ഒരിക്കലും ഉയര്‍ന്നുവന്നില്ല. അത് യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്തില്ല,’ ട്രംപ് പറഞ്ഞു.
ചര്‍ച്ചയായി യുക്രെയ്ന്‍
യുക്രെയ്‌നിലെ സ്ഥിതിയെക്കുറിച്ച് ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. യുക്രെയ്ന്‍ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു. ”യുക്രെയ്ന്‍ വളരെ ശക്തമായി മുന്നോട്ടുവന്നു. ഞങ്ങള്‍ അതിനെക്കുറിച്ച് വളരെക്കാലമായി സംസാരിച്ചു, എന്തെങ്കിലും നേടാന്‍ കഴിയുമോ എന്ന് കാണാന്‍ ഞങ്ങള്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കും, ഷി ജിന്‍പിംങ് ‘ഞങ്ങളെ സഹായിക്കാന്‍ പോകുന്നു, ഞങ്ങള്‍ യുക്രെയ്നിലും ഒരുമിച്ച് പ്രവര്‍ത്തിക്കും’,- ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
Trump says he will visit China in April after 1.35-hour talks with Xi; tariffs reduced to 47 percent














