തനിക്കുള്ള തിടുക്കം ഒരു യൂറോപ്യൻ നേതാക്കൾക്കുമില്ലെന്ന് ട്രംപ്; കാത്തിരുന്നാൽ 40,000 പേർ കൂടി മരിക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ്

വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് തനിക്കുള്ള അത്രയും തിടുക്കം ചില യൂറോപ്യൻ നേതാക്കൾക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും തമ്മിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചക്ക് വഴിയൊരുക്കാനുള്ള തന്റെ പദ്ധതികളെക്കുറിച്ച് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ, ഒരു യൂറോപ്യൻ നേതാവ് “ഒന്നോ രണ്ടോ മാസം കഴിഞ്ഞ് വീണ്ടും കാണാം” എന്ന് നിർദ്ദേശിച്ചതായി ട്രംപ് പറഞ്ഞു. ആ നേതാവ് ആരാണെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. അത്രയും സമയം കാത്തിരുന്നാൽ ഒരുപാട് പേർ മരിക്കുമെന്നും അതിനാൽ ഇന്ന് രാത്രി തന്നെ ചർച്ചകൾ തുടങ്ങണമെന്നും താൻ വാദിച്ചുവെന്ന് ട്രംപ് പറഞ്ഞു.

“അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചില്ലെന്ന് കരുതുന്നു. ‘ഒന്നോ രണ്ടോ മാസം കഴിഞ്ഞ് കാണാം’ എന്ന് അദ്ദേഹം പറഞ്ഞു,” ഒരു യൂറോപ്യൻ നേതാവുമായി നടന്ന സംഭാഷണം ഓർത്തെടുത്ത് ട്രംപ് പറഞ്ഞു.
“ഞാൻ പറഞ്ഞു, ‘ഒന്നോ രണ്ടോ മാസങ്ങൾക്കോ? അത്രയും സമയം കൊണ്ട് 40,000 ആളുകൾ കൂടി മരിക്കും. നിങ്ങൾ ഇന്ന് രാത്രി തന്നെ ഇത് ചെയ്യണം,'” ട്രംപ് കൂട്ടിച്ചേർത്തു. “ഞാൻ അങ്ങനെ ചെയ്തു. പ്രസിഡന്റ് പുടിനെ വിളിച്ചു, പ്രസിഡന്റ് സെലെൻസ്കിയുമായി ഒരു കൂടിക്കാഴ്ചക്ക് ശ്രമിക്കുകയാണ്.” – ട്രംപ് പറഞ്ഞു.