വെറും 24 മണിക്കൂർ മാത്രം, വീണ്ടും ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ്; കൂടുതൽ തീരുവകൾ ചുമത്തും, ‘ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല’

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയോട് കർശന നിലപാട് സ്വീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്ക് മേൽ കൂടുതൽ തീരുവകൾ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഒരു വിശ്വസ്ത വ്യാപാര പങ്കാളിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. അവർ ഞങ്ങളുമായി വൻതോതിൽ വ്യാപാരം നടത്തുന്നുണ്ട്, എന്നാൽ ഞങ്ങൾ അവർക്കൊപ്പമല്ലെന്ന് ട്രംപ് ചൊവ്വാഴ്ച സിഎൻബിസിയോട് നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി.

“നിലവിൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്, പക്ഷേ റഷ്യൻ എണ്ണ വാങ്ങുന്നതിനാൽ, അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇന്ത്യ യുദ്ധത്തിന് ഇന്ധനം നൽകുകയാണ്,” ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച 25 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പുതിയ ഭീഷണി. ഇന്ത്യയും റഷ്യയും സാമ്പത്തികമായി ദുർബലമായ രാജ്യങ്ങളാണെന്ന് ആരോപിച്ച ട്രംപ്, റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ വീണ്ടും രംഗത്തെത്തി.

തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് ഇങ്ങനെ എഴുതി: “ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, അതിന്‍റെ ഭൂരിഭാഗവും ലാഭത്തിനായി വിപണിയിൽ വിൽക്കുകയാണ്. യുക്രൈൻ യുദ്ധത്തിൽ എത്ര പേർ മരിക്കുന്നു എന്നതിനെക്കുറിച്ച് അവർക്ക് യാതൊരു ബോധവുമില്ല. അതിനാൽ, ഇന്ത്യ യുഎസിന് നൽകേണ്ട തീരുവ ഞാൻ ഗണ്യമായി വർദ്ധിപ്പിക്കും.”

ഇതിനോട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. യുഎസും യൂറോപ്യൻ യൂണിയനും യുക്രൈൻ യുദ്ധകാലത്ത് റഷ്യയുമായി വ്യാപാരം തുടരുമ്പോൾ, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് ഇന്ത്യയെ മാത്രം വിമർശിക്കുന്നത് അന്യായമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അതിനിടെ, ട്രംപിന്റെ ഭീഷണിക്കെതിരെ റഷ്യയും പ്രതികരിച്ചു. ഇന്ത്യ പോലുള്ള സഖ്യകക്ഷികളെ നിയമവിരുദ്ധമായി സമ്മർദ്ദത്തിലാക്കി റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കാൻ ട്രംപ് ശ്രമിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. ഇന്ത്യയ്ക്ക് സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.

More Stories from this section

family-dental
witywide