വാഷിംഗ്ടൺ: താരിഫുകൾ ഇല്ലാതായാൽ അത് രാജ്യത്തിന് വലിയ ദുരന്തമായിരിക്കുമെന്നും തന്റെ താരിഫ് നയം അതേപടി തുടരുകയാണെന്നും കേസ് സുപ്രീം കോടതിയിൽ നേരിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ശനിയാഴ്ച യു എസ് അപ്പീൽ കോടതി, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാര ലംഘനവുമാണെന്ന വിധിയിൽ തൊട്ടു പിന്നിലെ പ്രതികരിക്കുകയായിരുന്നു ട്രംപ്.
എല്ലാ തീരുവകളും ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ഇന്ന് ഒരു അപ്പീലിൽ നമ്മുടെ തീരുവകൾ നീക്കംചെയ്യണമെന്ന് കോടതിയുടെ തെറ്റായ വിധിവന്നു. പക്ഷേ, അവസാനം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക തന്നെ വിജയിക്കുമെന്ന് അവർക്കറിയാം. ഈ തീരുവകൾ ഇല്ലാതായാൽ അത് രാജ്യത്തിന് ദുരന്തമായിത്തീരും. അത് നമ്മെ സാമ്പത്തികമായി ദുർബലമാക്കുമെന്നും നമ്മൾ ശക്തരായിരിക്കണമെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
നമ്മുടെ ഉത്പാദകരെയും കർഷകരെയും ദുർബലപ്പെടുത്തുന്ന സുഹൃത്തോ ശത്രുവോ ആയ രാജ്യങ്ങൾ ചുമത്തുന്ന വലിയ വ്യാപാരക്കമ്മികളും അന്യായമായ താരിഫുകളും താരിഫ് ഇതര വ്യാപാര തടസങ്ങളും യുഎസ്എ ഇനി അനുവദിച്ചുകൊടുക്കില്ല. ഇത് തുടരാൻ അനുവദിച്ചാൽ അത് അക്ഷരാർഥത്തിൽ അമേരിക്കൻ ഐക്യനാടുകളെ നശിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ നിർമിത ഉത്പന്നങ്ങളുണ്ടാക്കുന്ന തൊഴിലാളികളെയും കമ്പനികളെയും സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് തീരുവകൾ എന്നാണ് ട്രംപിൻ്റെ അഭിപ്രായം. അതേസമയം, സുപ്രീം കോടതിയിൽ തീരുമാനത്തെ ചോദ്യം ചെയ്യാൻ ഭരണകൂടത്തിന് അവസരം നൽകിക്കൊണ്ട് ഒക്ടോബർ 14 വരെ ലെവികൾ നിലനിൽക്കാൻ കോടതി അനുവദിച്ചു.
ട്രംപ് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്(ഐഇഇപിഎ) ഉപയോഗിച്ച് മറ്റുരാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നാണ് യുഎസിലെ അപ്പീൽ കോടതി വിധിച്ചത്. ട്രംപിന്റെ തീരുവ പ്രഖ്യാപനം ഇല്ലാത്ത അധികാര പ്രയോഗമാണെന്നും ചട്ടവിരുദ്ധമാണെന്നും കീഴ്കോടതിയായ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡും കഴിഞ്ഞ മേയിൽ വിധിച്ചിരുന്നു. ട്രംപ് ഭരണകൂടം ഇതിനെതിരെയായിരുന്നു യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ടിനെ സമീപിച്ചത്.














