
വാഷിംഗ്ടൺ: മൂന്നാം തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് ഭരണഘടന അതിന് അനുമതി നൽകുന്നില്ല എന്നത് തികച്ചും വ്യക്തമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ സഖ്യകക്ഷികളിൽ ചിലർക്ക് താൻ വീണ്ടും മത്സരിക്കാൻ പദ്ധതിയിടുന്നതായി അവകാശപ്പെട്ടതിനെത്തുടർന്ന് ദിവസങ്ങളോളം നീണ്ട അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലേക്ക് പോകുന്നതിനിടെ എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
“എനിക്ക് ഇപ്പോൾ കിട്ടിയ പോളിംഗ് നമ്പറുകളാണ് ഏറ്റവും ഉയർന്നത്,” ട്രംപ് പറഞ്ഞു. “ഞാൻ വായിച്ചതനുസരിച്ച്, എനിക്ക് മത്സരിക്കാൻ അനുവാദമില്ലെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന് മൂന്നാം തവണ മത്സരിക്കാൻ സാധ്യതയുണ്ടോ എന്നതിനെക്കുറിച്ച് താൻ അദ്ദേഹവുമായി സംസാരിച്ചതായി ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ നേരത്തെ റിപ്പോർട്ടർമാരോട് പറഞ്ഞിരുന്നു. എന്നാൽ, യുഎസ് ഭരണഘടനയിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ മാത്രമേ അതിന് സാധിക്കൂ എന്നും, ആ മാറ്റം ട്രംപ് സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ നടപ്പിലാകൂ എന്നും അതിനാൽ അതിന് സാധ്യതയില്ലെന്നും ജോൺസൺ അഭിപ്രായപ്പെട്ടിരുന്നു.













