
വാഷിംഗ്ടൺ: ചാർളി കിർക്കിൻ്റെ സ്മരണാഞ്ജലിയിൽ പങ്കെടുക്കാൻ അരിസോണയിലേക്ക് പോകുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. “ഒരു മഹത്തായ മനുഷ്യൻ്റെ ജീവിതത്തെ ആഘോഷിക്കാൻ പോകുന്നു,” എന്ന് ട്രംപ് പറഞ്ഞു. “ഇതുപോലൊരു സംഭവം നടന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് നമ്മളെ ഒരുപാട് വേദനിപ്പിക്കുന്ന ദിവസമാണ്,” ട്രംപ് കൂട്ടിച്ചേർത്തു.
കിർക്കിന്റെ കുടുംബത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം എന്താണെന്ന് ചോദിച്ചപ്പോൾ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു: “എനിക്ക് എൻ്റെ സ്നേഹം നൽകണം, ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.”
“അദ്ദേഹത്തിന് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു, കാരണം അവർ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു,” ട്രംപ് പറഞ്ഞു. അനുസ്മരണ ചടങ്ങിൽ കിർക്കിന്റെ “അതിശയിപ്പിക്കുന്ന സ്വാധീനം” എടുത്തുപറയുമെന്നും ട്രംപ് വ്യക്തമാക്കി.
ഈ മാസം യൂട്ടാ സർവകലാശാലയിൽ വെച്ച് വെടിയേറ്റ് മരിച്ച യാഥാസ്ഥിതിക പ്രവർത്തകനായ കിർക്കിൻ്റെ അനുസ്മരണ ചടങ്ങിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു.