ഒന്നും നോക്കേണ്ട, കടന്നുകയറുന്ന റഷ്യൻ വിമാനങ്ങൾ വെടിവെച്ചിടണമെന്ന് ട്രംപ്; നാറ്റോ രാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിൽ പ്രതികരണം

ന്യൂയോർക്ക്: നാറ്റോ രാജ്യങ്ങളുടെ വ്യോമാതിർത്തിയിലേക്ക് റഷ്യൻ വിമാനങ്ങൾ കടന്നുകയറിയാൽ അവയെ വെടിവെച്ചിടണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അടുത്തിടെ റഷ്യ എസ്തോണിയൻ വ്യോമാതിർത്തി ലംഘിച്ച സംഭവത്തെ നാറ്റോ രാജ്യങ്ങൾ അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ പ്രസ്താവന. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ “അതെ, ഞാൻ അതിനെ പിന്തുണയ്ക്കുന്നു,” എന്ന് അദ്ദേഹം മറുപടി നൽകി.
യുഎൻ പൊതുസഭയുടെ യോഗത്തിനിടെ ഉക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചത്.

എസ്തോണിയൻ വ്യോമാതിർത്തി ലംഘിച്ച റഷ്യയുടെ ‘അപകടകരമായ പെരുമാറ്റം’ നാറ്റോ അപലപിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ “ആവശ്യമായ എല്ലാ സൈനിക, സൈനികേതര മാർഗ്ഗങ്ങളും” ഉപയോഗിച്ച് സ്വയം പ്രതിരോധിക്കുമെന്ന് നാറ്റോ റഷ്യക്ക് മുന്നറിയിപ്പും നൽകിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് റഷ്യൻ മിഗ്-31 യുദ്ധവിമാനങ്ങൾ 12 മിനിറ്റോളം എസ്തോണിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു. പിന്നീട് നാറ്റോയുടെ ഇറ്റാലിയൻ യുദ്ധവിമാനങ്ങൾ അവരെ അകമ്പടി സേവിച്ച് പുറത്താക്കുകയായിരുന്നു. ഇതിന് ഒരാഴ്ച മുൻപ്, ഏകദേശം 20 റഷ്യൻ ഡ്രോണുകൾ പോളിഷ് വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു. ഇതേത്തുടർന്ന് നാറ്റോയുടെ യുദ്ധവിമാനങ്ങൾ ചില ഡ്രോണുകൾ വെടിവെച്ചിടുകയും കിഴക്കൻ യൂറോപ്പിലെ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു.