
വാഷിംഗ്ടണ്‍: കഴിഞ്ഞ വാരാന്ത്യത്തിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മുമ്പായി ഇറാന്‍റെ ആണവ നിലയങ്ങളിൽ നിന്ന് അവര്‍ ഒന്നും മാറ്റിയിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആക്രമണത്തിന് മുന്നോടിയായി ഇറാൻ തങ്ങളുടെ ഉയർന്ന നിലവാരമുള്ള യുറേനിയം ശേഖരം ആക്രമണ മേഖലയിൽ നിന്ന് മാറ്റിയോ എന്ന് വിദഗ്ധർ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ വിശദീകരണം. സൈറ്റിലുണ്ടായിരുന്ന കാറുകളും ചെറിയ ട്രക്കുകളും ഷാഫ്റ്റുകളുടെ മുകൾഭാഗം മൂടാൻ ശ്രമിക്കുന്ന കോൺക്രീറ്റ് തൊഴിലാളികളുടേതായിരുന്നു.
പ്ലാന്‍റിൽ നിന്ന് ഒന്നും മാറ്റിയിട്ടില്ല. അതിന് കൂടുതൽ സമയമെടുക്കും, അത് അപകടകരമാണ്. മാത്രമല്ല വളരെ ഭാരമുള്ളതും മാറ്റാൻ പ്രയാസമുള്ളതുമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പെന്‍റഗണിൽ നടത്തിയ വാർത്താ സമ്മേളനം അവസാനിപ്പിച്ച് മിനിറ്റുകൾക്കകമാണ് പ്രസിഡന്‍റിന്‍റെ ഈ പോസ്റ്റ് വന്നത്. ഹെഗ്‌സെത്തും സമാനമായ ഒരു അഭിപ്രായം പങ്കുവെച്ചിരുന്നു. ഉയർന്ന നിലവാരമുള്ള യുറേനിയം ശേഖരത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവിടെ ഉണ്ടാകേണ്ട സാധനങ്ങൾ അവിടെ നിന്ന് മാറ്റിയതായോ മറ്റോ ഉള്ള ഒരു വിവരവും തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഹെഗ്‌സെത്ത് പറഞ്ഞത്.
ഫോര്‍ദോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം അടക്കമുള്ള കേന്ദ്രങ്ങള്‍ ബോംബിട്ട് പൂര്‍ണമായും തകര്‍ത്തതായാണ് അമേരിക്കയുടെ അവകാശവാദം. എന്നാല്‍, അമേരിക്കയുടെ ആക്രമണം മുന്നില്‍ക്കണ്ട ഇറാന്‍ വലിയതോതില്‍ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി വിവരം ലഭിച്ചതായി ഇസ്രയേലി ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്.