
വാഷിംഗ്ടൺ: റഷ്യ ആണവോർജ്ജ ക്രൂയിസ് മിസൈൽ പരീക്ഷിച്ചതായുള്ള റിപ്പോർട്ടുകൾ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞു. റഷ്യൻ തീരത്തോട് ചേർന്ന് തങ്ങൾക്കും ആണവ അന്തർവാഹിനികളുണ്ടെന്ന് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. തങ്ങളുടെ ആണവോർജ്ജ ക്രൂയിസ് മിസൈലായ ബുറെവെസ്‌ത്‌നിക് വിജയകരമായി പരീക്ഷിച്ചതായും, ഈ ആയുധം വിന്യസിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. മിസൈൽ ഏകദേശം 15 മണിക്കൂറോളം അന്തരീക്ഷത്തിൽ ഉണ്ടായിരുന്നെന്നും 14,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചെന്നും റഷ്യൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നു.
ഏഷ്യൻ പര്യടനത്തിനിടെ എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് ഈ വിഷയത്തിൽ പ്രതികരിച്ചു. “ഞങ്ങളുടെ ആണവ അന്തർവാഹിനി, ലോകത്തിലെ ഏറ്റവും മികച്ചത്, അവരുടെ തീരത്ത് തന്നെയുണ്ട് എന്ന് അവർക്ക് അറിയാം. അതുകൊണ്ട് എനിക്ക് പറയാനുള്ളത്, അതിന് 8,000 മൈൽ പോകേണ്ട ആവശ്യമില്ല. അവർ ഞങ്ങളോട് കളിക്കുന്നില്ല, ഞങ്ങളും അവരോടും കളിക്കുന്നില്ല. ഞങ്ങൾ എല്ലാ സമയത്തും മിസൈലുകൾ പരീക്ഷിക്കാറുണ്ട്” ട്രംപ് കൂട്ടിച്ചേർത്തു.
പുടിൻ ഇങ്ങനെ പറയുന്നത് ഉചിതമാണെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. “അദ്ദേഹം ചെയ്യേണ്ടത് യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. ഒരാഴ്ച കൊണ്ട് അവസാനിക്കേണ്ടിയിരുന്ന യുദ്ധം ഇപ്പോൾ നാലാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. അതാണ് മിസൈൽ പരീക്ഷിക്കുന്നതിന് പകരം അദ്ദേഹം ചെയ്യേണ്ടത്.” – ട്രംപ് കൂട്ടിച്ചേര്‍ത്തു. റഷ്യ യുക്രെയ്‌നിൽ നടത്തിയ രണ്ടാമത്തെ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് പുതിയ മിസൈൽ പരീക്ഷണത്തെക്കുറിച്ചുള്ള പുടിന്‍റെ പ്രഖ്യാപനം വന്നത്. കൂടാതെ, ട്രംപുമായി നടത്താൻ സാധ്യതയുണ്ടായിരുന്ന ഉച്ചകോടി തകരുകയും, ട്രംപ് ഭരണകൂടം റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത അതേ ആഴ്ചയിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ട്രംപ് ഭരണകൂടം റഷ്യക്കെതിരെ ഇതുവരെ സ്വീകരിച്ച ഏറ്റവും ശക്തമായ നടപടികളായിരുന്നു ഈ ഉപരോധങ്ങൾ.














