
വാഷിംഗ്ടൺ: റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിനുമായി തനിക്ക് നല്ല ബന്ധമുണ്ടായിരുന്നിട്ടും, യുക്രെയ്‌നിലെ നിലവിലെ സംഘർഷത്തിൽ നിരാശയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ യുദ്ധം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മരണത്തിന്‍റെ കാര്യത്തിൽ സംഭവിച്ച ഏറ്റവും വലിയ കാര്യമാണെന്നും ട്രംപ് വിശേഷിപ്പിച്ചു. വൈറ്റ് ഹൗസിൽ അർജന്റീന പ്രസിഡന്റ് ജാവിയർ മിലെയ്‌യുമായി ഉച്ചഭക്ഷണത്തിന് ശേഷം സംസാരിക്കവെയാണ് ട്രംപ് ഈ പരാമർശം നടത്തിയത്.
“ഞാൻ വളരെ നിരാശനാണ്, കാരണം എനിക്കും വ്‌ളാഡിമിർ പുടിനും വളരെ നല്ല ബന്ധമുണ്ടായിരുന്നു. ഒരുപക്ഷേ ഇപ്പോഴും അങ്ങനെയാകാം,” ട്രംപ് പറഞ്ഞു. “എന്തുകൊണ്ടാണ് അദ്ദേഹം ഈ യുദ്ധം തുടരുന്നതെന്ന് എനിക്കറിയില്ല. ഈ യുദ്ധം അദ്ദേഹത്തിന് വളരെ മോശമായി ബാധിച്ചു. ഒരു ആഴ്ചകൊണ്ട് ജയിക്കേണ്ട യുദ്ധത്തിൽ അദ്ദേഹം നാല് വർഷം പിന്നിടാൻ പോകുകയാണ്.” പുടിനുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദത്തെ ഒരു നയതന്ത്രപരമായ നേട്ടമായി പലപ്പോഴും വിശേഷിപ്പിച്ചിരുന്ന ട്രംപിന്‍റെ സംസാരത്തിൽ പ്രകടമായ അസ്വസ്ഥത ഉണ്ടായിരുന്നു.
“അദ്ദേഹത്തിന് ഏകദേശം ഒന്നര ദശലക്ഷത്തോളം സൈനികരെ നഷ്ടപ്പെട്ടു,” ട്രംപ് തുടർന്നു. “ഇതൊരു ഭീകരമായ യുദ്ധമാണ്, മരണത്തിന്റെ കണക്കനുസരിച്ച് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സംഭവിച്ച ഏറ്റവും വലുതാണിത്.”
യുഎസ്-നിർമ്മിത ടോമാഹോക്ക് ദീർഘദൂര ക്രൂയിസ് മിസൈലുകൾ യുക്രെയ്‌ന് അയക്കുന്ന കാര്യം തന്റെ ഭരണകൂടം പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ വന്നത്.