
വാഷിങ്ടന്‍ : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുന്നതു സംബന്ധിച്ച് അനുകൂല നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്‍പ് ഫയലുകള്‍ പുറത്തെത്താതിരിക്കാന്‍ ട്രംപ് ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. അതില്‍ നിന്നുള്ള നിലപാട് മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മാത്രമല്ല, റിപ്പബ്ലിക്കന്മാരും ഫയലുകള്‍ പുറത്തുവരുന്നതിനെ അനുകൂലിച്ച് വോട്ടുചെയ്യാന്‍ ഒരുങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് ട്രംപിന്റെ ചുവടുമാറ്റം.
‘നമുക്ക് മറച്ചുവയ്ക്കാനൊന്നുമില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ആരോപണമെന്നും ഇതില്‍നിന്നും മുന്നോട്ടു പോകേണ്ട സമയമായെന്നും’ വിഷയത്തില്‍ ട്രംപ് പ്രതികരിച്ചു. “ഹൗസ് റിപ്പബ്ലിക്കൻമാർ എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ വോട്ട് ചെയ്യണം, കാരണം ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല,” ട്രംപ് ഞായറാഴ്ച രാത്രി ട്രൂത്ത് സോഷ്യലിൽ എഴുതി.
ഫയലുകൾ പരസ്യമായി പുറത്തുവിടാൻ നീതിന്യായ വകുപ്പിനെ നിർബന്ധിതരാക്കുന്ന നിയമനിർമ്മാണത്തിൽ ഹൗസ് ഈ ആഴ്ച വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബിൽ സെനറ്റിൽ പാസാകുമോ എന്ന് വ്യക്തമല്ലെങ്കിലും, ഹൗസിൽ പാസാക്കാൻ ബിൽ പിന്തുണയ്ക്കുന്നവർക്ക് മതിയായ വോട്ടുകൾ ലഭിക്കുമെന്നാണ് സൂചന. രണ്ട് ചേംബറുകളും ബിൽ പാസാക്കിയാൽ രേഖകൾ പുറത്തിറക്കുന്നതിൽ ട്രംപ് ഒപ്പുവെക്കേണ്ടിവരും.
ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. എപ്സ്റ്റീന്‍ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നു. ഈ വിഷയത്തില്‍ റിപ്പബ്ലിക്കന്മാരടക്കം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
Trump says republicans should vote in favour of releasing Epstein files.















