
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി സമാധാന കരാറിലെത്താൻ ലക്ഷ്യമിടുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ചർച്ചകളിൽ റഷ്യക്ക് മേൽക്കൈ ഉണ്ടെന്നും കൂടുതൽ ശക്തമായ ഒരു വിലപേശൽ സ്ഥാനത്താണ് അവരെന്നും അഭിപ്രായപ്പെട്ടു. യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി കാര്യങ്ങൾ അംഗീകരിച്ച് തുടങ്ങേണ്ട സമയമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊളിറ്റിക്കോയുടെ “ദി കോൺവർസേഷൻ” എന്ന പരിപാടിയിൽ ഡാഷാ ബേൺസുമായി ഇന്നലെ നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
“നിങ്ങൾ തോൽക്കുമ്പോൾ, നിങ്ങൾ കൂടുതൽ ശ്രദ്ധയോടെയിരിക്കണം, കാര്യങ്ങൾ അംഗീകരിച്ച് തുടങ്ങണം,” ട്രംപ് പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തിൽ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന്, അവർക്ക് ധാരാളം ഭൂമി നഷ്ടപ്പെട്ടു എന്നും അതൊരു വിജയമാണെന്ന് തീർച്ചയായും പറയാനാവില്ല എന്നും ട്രംപ് മറുപടി നൽകി. അതേസമയം, തന്‍റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ താൻ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കാം എന്ന് സൂചിപ്പിച്ചതിനെ ട്രംപ് പൂർണ്ണമായി അംഗീകരിച്ചില്ല. “അത് ശരിയല്ല, എന്നാൽ അത് പൂർണ്ണമായും തെറ്റുമല്ല,” അദ്ദേഹം പറഞ്ഞു.
“റഷ്യയുടെ കാര്യത്തിൽ ഇത് എളുപ്പമുള്ള കാര്യമല്ല, കാരണം റഷ്യക്ക് വലിയ മുൻതൂക്കമുണ്ട്, അവർക്ക് എല്ലായ്പ്പോഴും അത് ഉണ്ടായിരുന്നു. അവർ കൂടുതൽ വലുതാണ്. ആ അർത്ഥത്തിൽ അവർ വളരെ ശക്തരാണ്,” ട്രംപ് പറഞ്ഞു.
“യുക്രെയ്നിലെ ജനങ്ങൾക്കും സൈന്യത്തിനും ധീരതയ്ക്കും പോരാട്ടത്തിനും ഞാൻ വലിയ അഭിനന്ദനം നൽകുന്നു. എന്നാൽ, ഒരവസരത്തിൽ വലുപ്പമായിരിക്കും പൊതുവെ വിജയിക്കുക,” ട്രംപ് കൂട്ടിച്ചേർത്തു.














