യുഎസില്‍ ഷട്ട്ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്, വോട്ടെടുപ്പ് പുരോഗമിക്കുന്നു

വാഷിംഗ്ടണ്‍: സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാറിന് അനുകൂലമായ വോട്ടെടുപ്പിലേക്ക് യുഎസ് സെനറ്റ് കടന്നു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിന് വഴിയൊരുക്കുന്ന ഒരു കരാറിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. അമേരിക്കയിലുടനീളം സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കുന്നതിന് ഈ കരാര്‍ വഴിയൊരുക്കിയേക്കാം. കഴിഞ്ഞ 40 ദിവസത്തോളമായി നീണ്ടുനിന്ന രാഷ്ട്രീയ പിരിമുറുക്കങ്ങൾക്ക് ശേഷം, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഒരുപോലെ പിന്തുണയ്ക്കുന്ന ഒരു സ്റ്റോപ്-ഗാപ്പ് (താത്കാലിക) ഫണ്ടിങ് ബില്ലിന്റെ വോട്ടെടുപ്പാണ് നടക്കുന്നത്.

സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉടന്‍ അവസാനിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച (പ്രാദേശിക സമയം) മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒബാമാ കെയര്‍ (‘അഫോർഡബിൾ കെയർ ആക്റ്റ് സബ്‌സിഡികൾ’) നീട്ടുന്നത് പോലുള്ളവ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും അവ പിന്നീട് ചർച്ച ചെയ്യാമെന്ന ധാരണയിലെത്തിയിട്ടുണ്ട്.

യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണിനാണ് സെനറ്റിൽ ‘പണം ചെലവഴിക്കൽ’ ബിൽ പാസാകുന്നതോടെ തിരശീല വീഴുന്നത്. പിരിച്ചുവിട്ട ഫെഡറൽ ഗവൺമെന്റ് ജീവനക്കാരെ തിരിച്ചെടുക്കാനും ഭാവിയിൽ ഇത്തരം പിരിച്ചുവിടൽ ഒഴിവാക്കാനുമുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.

‘നമ്മള്‍ അടച്ചുപൂട്ടല്‍ അവസാനിക്കുന്നതിന് വളരെ അടുത്തെത്തിയതായി തോന്നുന്നു. നമ്മുടെ രാജ്യത്തേക്ക് വരുന്ന നിയമവിരുദ്ധ തടവുകാര്‍ക്ക് ഗണ്യമായ പണം നല്‍കാന്‍ ഞങ്ങള്‍ ഒരിക്കലും സമ്മതിച്ചിട്ടില്ല, ഡെമോക്രാറ്റുകള്‍ക്ക് അത് മനസ്സിലാകുമെന്ന് ഞാന്‍ കരുതുന്നു; അടച്ചുപൂട്ടല്‍ അവസാനി പ്പിക്കാന്‍ ഞങ്ങള്‍ അടുക്കുകയാണെന്ന് തോന്നുന്നു. വളരെ വേഗം നിങ്ങള്‍ക്കത് മനസ്സിലാകും’ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

ഷട്ട്ഡൗൺ കാരണം ശമ്പളം ലഭിക്കാതെ കഷ്ടത്തിലായ ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ഈ കരാർ വലിയ ആശ്വാസമാകും. വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങൾ, ഭക്ഷ്യസഹായ പദ്ധതികളിലെ അനിശ്ചിതത്വം തുടങ്ങി പൊതുജനങ്ങളെ ബാധിച്ച പ്രശ്നങ്ങൾക്കും ഇതോടെ ഉടൻ പരിഹാരമാകും.

Trump says shutdown in US will end soon

More Stories from this section

family-dental
witywide