
വാഷിംഗ്ടണ്‍ : യുഎസില്‍ നിരോധിച്ച വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് വാങ്ങാന്‍ തന്റെ പക്കല്‍ ആളുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ടിക് ടോക് ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന അവകാശവാദങ്ങള്‍ക്കിടയിലാണ് ട്രംപിന്റെ പുതിയ അവകാശവാദം.
ടിക് ടോക് പ്ലാറ്റ്ഫോം സ്വന്തമാക്കാന്‍ തയ്യാറായ ‘വളരെ സമ്പന്നരായ’ ഒരു കൂട്ടം ആളുകള്‍ തനിക്കുണ്ടെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തുറന്നടിച്ചത്. ‘രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ നിങ്ങളോട് പറയും,’ എന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം വില്‍പ്പനയ്ക്ക് ചൈനീസ് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്, എന്നാല്‍, പ്രസിഡന്റ് ഷി ജിന്‍പിംഗ് ‘ഒരുപക്ഷേ അത് ചെയ്യുമെന്ന്’ താന്‍ കരുതുന്നുവെന്ന് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ഈ മാസം ട്രംപ് ടിക് ടോക്കിന്റെ വില്‍പ്പന നിര്‍ബന്ധമാക്കുന്ന നിയമം നടപ്പിലാക്കുന്നത് മൂന്നാം തവണയും വൈകിപ്പിച്ചു. ഇതു പ്രകാരം ടിക് ടോകിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് സെപ്റ്റംബര്‍ 17-നകം പ്ലാറ്റ്ഫോം വില്‍ക്കുന്നതിനുള്ള ഒരു കരാറിലെത്തേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യുഎസ് കോണ്‍ഗ്രസ് ടിക് ടോക്കിന്റെ വില്‍പ്പന നിര്‍ബന്ധമാക്കുന്ന ഒരു നിയമം പാസാക്കിയിരുന്നു. ആപ്പോ അതിന്റെ മാതൃ കമ്പനിയോ യുഎസ് ഉപയോക്തൃ ഡാറ്റ ചൈനീസ് സര്‍ക്കാരിന് കൈമാറുമെന്ന ആശങ്ക നിയമനിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്.