
വാഷിംഗ്ടൺ: വ്യാപാര കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളുമായും കൂടിക്കാഴ്ച നടത്തുന്നത് സാധ്യമല്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതിനാൽ വരും ആഴ്ചകളിൽ അവരുടെ താരിഫ് നിരക്ക് എത്രയായിരിക്കുമെന്ന് തന്‍റെ ഭരണകൂടം അവരെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അടുത്ത രണ്ടോ മൂന്നോ ആഴ്ചകളിൽ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റും കത്തുകൾ അയക്കും. അടിസ്ഥാനപരമായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ ബിസിനസ്സ് ചെയ്യുന്നതിന് അവർ എത്ര പണം നൽകണമെന്ന് ഞങ്ങൾ അവരെ അറിയിക്കും എന്ന് ട്രംപ് ഇന്ന് അബുദാബിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇളവുകൾ വാഗ്ദാനം ചെയ്ത് വൈറ്റ് ഹൗസിനെ സമീപിച്ച 75 രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ എത്താൻ തന്‍റെ ഭരണകൂടത്തിന് സമയം നൽകുന്നതിനായി താൻ ചില ആഗോള താരിഫുകൾ 90 ദിവസത്തേക്ക് നിർത്തിവെക്കുകയാണെന്ന് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു. അതൊരു യാഥാർത്ഥ്യബോധമില്ലാത്ത സമയപരിധിയാണെന്ന് വിദഗ്ധർ പറയുന്നു.















