‘25,000 അമേരിക്കക്കാര്‍ മരിക്കുമായിരുന്നു’: വന്‍തോതില്‍ മയക്കുമരുന്നുമായെത്തിയ അന്തര്‍വാഹിനി തകര്‍ത്തെന്ന് ട്രംപ്

വാഷിംഗ്ടന്‍: യുഎസിലേക്ക് ലഹരി മരുന്നുമായി എത്തിയ അന്തര്‍വാഹിനിക്കപ്പലിനെ ആക്രമിച്ച് നശിപ്പിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്തര്‍വാഹിനി യുഎസ് തീരത്ത് അടുത്തിരുന്നെങ്കില്‍ 25,000 അമേരിക്കക്കാര്‍ മരിക്കുമായിരുന്നെന്ന് ട്രംപ് പറഞ്ഞു. അന്തര്‍വാഹിനി എവിടെനിന്നാണ് വന്നതെന്ന കാര്യം യുഎസ് പുറത്തു വിട്ടിട്ടില്ല.

ആക്രമണത്തെത്തുടര്‍ന്ന് അന്തര്‍വാഹിനിയിലുണ്ടായിരുന്ന 2 പേര്‍ കൊല്ലപ്പെട്ടു. പിടികൂടിയ 2 പേരെ സ്വദേശമായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരികെ അയച്ചെന്നും അവിടെ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.

കപ്പല്‍ നശിപ്പിക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. കപ്പലില്‍ ഫെന്റനൈലും മറ്റ് മയക്കുമരുന്നുകളും നിറച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരി മരുന്നു കടത്ത് തടയാന്‍ യുഎസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സെപ്റ്റംബര്‍ മുതല്‍, ലഹരിമരുന്നു കടത്തിയ ആറോളം സ്പീഡ് ബോട്ടുകള്‍ യുഎസ് സേന തകര്‍ത്തിട്ടുണ്ട്.

Trump says US destroyed submarine carrying large amount of drugs.

More Stories from this section

family-dental
witywide